മരട് ഫ്ലാറ്റുകളിൽ സ്ഫോടക വസ്തുക്കൾ ജനുവരി 3നു നിറച്ചുതുടങ്ങും

മരട് ഫ്ലാറ്റുകളിൽ സ്ഫോടക വസ്തുക്കൾ ജനുവരി 3നു നിറച്ചുതുടങ്ങും

കൊച്ചി ∙ മരടിലെ ഫ്ലാറ്റുകളിൽ നിയന്ത്രിത സ്ഫോടനം നടത്താനുള്ള സ്ഫോടക വസ്തുക്കൾ ജനുവരി 3 മുതൽ നിറച്ചു തുടങ്ങും. നാഗ്പൂരിൽ നിന്ന് എത്തിക്കുന്ന സ്ഫോടകവസ്തുക്കൾ അങ്കമാലിക്കടുത്തുള്ള സംഭരണ കേന്ദ്രത്തിലാണു (മാഗസിൻ) സൂക്ഷിക്കുക. പെട്രോളിയം ആൻഡ് എക്സ്പ്ലോസിവ്സ് സേഫ്റ്റി ഓർഗനൈസേഷന്റെ (പെസോ) അനുമതി ലഭിച്ച ശേഷമാണു സ്ഫോടക വസ്തുക്കൾ ഫ്ലാറ്റുകളിൽ നിറച്ചു തുടങ്ങുക.

മാഗസിനിൽനിന്ന് അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ട്രക്കുകളിലാണു സ്ഫോടക വസ്തുക്കൾ മരടിലെ ഫ്ലാറ്റുകളിൽ എത്തിക്കുക. ഓരോ ദിവസവുമെത്തിക്കുന്ന സ്ഫോടക വസ്തുക്കൾ അതതു ദിവസം വൈകിട്ട് ആറിനു മുൻപു ഫ്ലാറ്റുകളിലെ തൂണുകളിലും ചുമരുകളിലും തയാറാക്കിയ ദ്വാരങ്ങളിൽ നിറയ്ക്കും. സ്ഫോടക വസ്തുക്കൾ ബാക്കിയായാൽ സുരക്ഷാ കാരണങ്ങളാൽ ഫ്ലാറ്റ് പരിസരത്തു സൂക്ഷിക്കില്ല. തിരികെക്കൊണ്ടുപോയി മാഗസിനിൽതന്നെ സൂക്ഷിക്കും.

പൊളിക്കാൻ ചുമതലയുള്ള കമ്പനികൾ സ്ഫോടകവസ്തുക്കൾക്കായി നാഗ്പൂരിലെ കമ്പനിക്കു കരാർ നൽകിയിട്ടുണ്ട്. നാഗ്പൂരിൽനിന്ന് അടുത്ത മാസം ആദ്യം മാത്രമേ സ്ഫോടക വസ്തുക്കൾ അങ്കമാലിയിലെ മാഗസിനിൽ എത്തിക്കൂ. മരടിലെ 4 ഫ്ലാറ്റുകളിലെ 5 ടവറുകളിൽ സ്ഫോടനം നടത്താൻ മൊത്തം 1600 കിലോഗ്രാം സ്ഫോടക വസ്തുക്കളാണ് വേണ്ടത്.

സ്ഫോടനത്തിനുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ ഡപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസിവ്സ് ഡോ. ആർ. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പെസോ വിദഗ്ധ സംഘം 27 ,28 തീയതികളിൽ മരടിലെ ഫ്ലാറ്റുകളിൽ പരിശോധന നടത്തും. നേരത്തേ, എച്ച്2ഒ ഹോളിഫെയ്ത്ത് ഫ്ലാറ്റിൽ സംഘം പരിശോധന നടത്തിയിരുന്നു. സ്ഫോടനത്തിനു തുടക്കമിടുന്ന എക്സ്പ്ലോഡർ സ്ഥാപിക്കുന്നതിലുൾപ്പെടെ വിദഗ്ധ സംഘം ഭേദഗതികൾ നിർദേശിക്കുകയും ചെയ്തു.

Related post