
വാഹനങ്ങളുടെ ടയറുകളും ബാറ്ററികളും ഇന്ധനവും കവർച്ച ചെയ്യപ്പെടുന്നു
കളമശേരി എച്ച്എംടി റോഡിൽ പാർക് ചെയ്യുന്ന വാഹനങ്ങളുടെ ടയറുകളും ബാറ്ററികളും ഇന്ധനവും കവർച്ച ചെയ്യപ്പെടുന്നതു പതിവായി. ചൊവ്വാഴ്ച രാത്രി ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന് സമീപം റോഡിൽ പാർക്ക് ചെയ്ത ലോറിയുടെ 2 ടയർ അഴിച്ചുകൊണ്ടുപോയി. ലോറിയിൽ സൂക്ഷിച്ചിരുന്ന 2 ഫ്രിജുകളും മോഷ്ടാക്കൾ കവർന്നു. ദിവസങ്ങൾക്ക് മുൻപ് ഇവിടെ പാർക് ചെയ്തിരുന്ന ട്രെയിലർ ലോറിയുടെ ബാറ്ററികളും ഇന്ധനവും നഷ്ടപ്പെട്ടിരുന്നു. 2 സംഭവങ്ങളിലും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വഴിയരികിൽ വാഹനം പാർക് ചെയ്ത ശേഷം ഡ്രൈവർമാർ ലോഡ്ജുകളിലും വാടകവീടുകളിലും പോയി ഉറങ്ങുന്നത് മോഷ്ടാക്കൾക്ക് സഹായകമാണ്. പല വാഹനങ്ങളും ദിവസങ്ങളോളം ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നതും മോഷ്ടാക്കൾക്ക് അവസരം നൽകുന്നു. പൊലീസ് ജാഗ്രത പാലിക്കണമെന്നാണ് ആവശ്യം.