സധൈര്യം മുന്നോട്ട്, പൊതു ഇടം എന്റേതും

സധൈര്യം മുന്നോട്ട്, പൊതു ഇടം എന്റേതും

കൊച്ചിയുടെ രാത്തെരുവുകളിൽ കൈകോർത്തു പിടിച്ച്, കൊച്ചുവർത്തമാനവും പൊട്ടിച്ചിരികളുമായി പെൺകൂട്ടം. നഗരത്തിൽ മൂന്നു കേന്ദ്രങ്ങളിൽ നടന്ന പെൺനടത്തത്തിൽ കൂട്ടുചേർന്നതു മുന്നൂറോളം പേർ. സ്ത്രീകൾക്കു രാത്രി സുരക്ഷിതയാത്ര എന്ന സന്ദേശവുമായി നിർഭയ ദിനത്തിൽ വനിത ശിശുവികസന വകുപ്പാണു സ്ത്രീകളുടെ രാത്രി നടത്തം സംഘടിപ്പിച്ചത്. ‘പൊതു ഇടം എന്റേതും’ എന്ന സന്ദേശം ഉദ്ഘാഷിച്ചായിരുന്നു ഒത്തു ചേരൽ. 

രാത്രി 11ന് നഗരത്തിലെ മൂന്നു കേന്ദ്രങ്ങളിൽനിന്നാണു രാത്രിനടത്തം തുടങ്ങിയത്. പാലാരിവട്ടം, കുന്നുംപുറം, പുന്നയ്ക്കൽ എന്നിവിടങ്ങളിൽ നിന്നു ചെറുസംഘങ്ങളായി സ്ത്രീകൾ നടന്നു തുടങ്ങി. നടത്തത്തിനെത്തിയ മിക്കവർക്കും ഇത്തരമൊരു അനുഭവം ആദ്യം. ഇടപ്പള്ളി മണിമല റോഡിൽനിന്നു നടന്നെത്തിയ വിജയക്ഷ്മിക്കും റാണിക്കും എല്ലാ നഗരരാത്രികളും ഇതു പോലെ സുരക്ഷിതമാക്കാൻ കഴിയണമെന്നാണു പറയാനുണ്ടായിരുന്നു. ഇത്രയും സുരക്ഷയുള്ളപ്പോൾപ്പോലും ചില സ്ഥലങ്ങളിൽ കൂട്ടം ചേർന്നു നിന്ന ചെറുപ്പക്കാരുടെ പെരുമാറ്റത്തിൽ പന്തികേടു തോന്നി. 

അപ്പോൾപ്പിന്നെ സുരക്ഷയില്ലെങ്കിൽ എന്തുണ്ടാകും എന്ന് എങ്ങനെ പറയാനാകും. പക്ഷേ നാം മുന്നിട്ടിറങ്ങിയാലേ ഇനിയുള്ള തലമുറയ്ക്കെങ്കിലും വഴികാട്ടാനാകൂ–വിജയലക്ഷ്മി പറഞ്ഞു. രാത്രി നഗരം സുന്ദരമാണെന്ന കാര്യത്തിൽ നടന്നെത്തിയ എല്ലാവർക്കും ഒരേ സ്വരം. പുരുഷൻമാരെപ്പോലെ സുരക്ഷിതമായി സ്ത്രീകൾക്കും രാത്രി പുറത്തിറങ്ങി നടക്കാനുള്ള സ്വാതന്ത്ര്യവും സൗകര്യവും ലഭിക്കുന്ന നാളുകൾ ഏറെ അകലെയല്ല എന്നാണു പലരുടെയും ഉറച്ച വിശ്വാസം. 

Related post