സിനിമാസംഘത്തിനായി പ്രത്യേകവിമാനം പ്രായോഗികമല്ല

സിനിമാസംഘത്തിനായി പ്രത്യേകവിമാനം പ്രായോഗികമല്ല

‘ആടുജീവിതം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി പോയി ജോർദാനിൽ കുടുങ്ങിയ സംവിധായകൻ ബ്ലെസിയും നടൻ പൃഥ്വിരാജും അടക്കമുള്ള സിനിമ സംഘത്തിന് സഹായ ഹസ്തവുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. എന്നാൽ നിലവിലെ സാഹചര്യത്തിൽ പ്രത്യേക വിമാനം അയച്ച് സംഘത്തെ നാട്ടിലേക്ക് എത്തിക്കുക പ്രായോഗികമല്ലെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ വ്യക്തമാക്കി. വ്യോമഗതാഗതം പുനഃസ്ഥാപിച്ച ശേഷമേ ഇവർക്കു നാട്ടിലേക്കു മടങ്ങാനാവൂ.

58 അംഗ സിനിമ സംഘമാണ് കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളെ തുടർന്ന് ഷൂട്ടിങ് നടത്താനാവാതെ രണ്ടാഴ്ചയായി ജോർദാനിലെ വാഡി റമി മരുഭൂമിയിലെ ക്യാംപ് സെന്ററിൽ കഴിയുന്നത്. ഇവരുടെ വീസ കാലാവധി ഏപ്രിൽ എട്ടു വരെയാണ്. നാട്ടിലേക്കു മടങ്ങാനാവാത്തതിനാൽ വീസ കാലാവധി നീട്ടുന്നതിനു ജോർദാൻ എംബസിയുമായി ബന്ധപ്പെട്ടു നടപടികൾ സ്വീകരിച്ചുവരികയാണെന്നു കേന്ദ്രമന്ത്രി അറിയിച്ചു. സംഘത്തിന് ആവശ്യമായ സഹായം നൽകാമെന്ന് ജോർദാൻ എംബസി അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദേശകാര്യ മന്ത്രിക്ക് അയച്ച കത്തിനെത്തുടർന്നാണു നടപടിയെന്നും അദ്ദേഹം പറഞ്ഞു.

സിനിമ സംഘത്തിന്റെ അവസ്ഥ വ്യക്തമാക്കിയും സഹായം അഭ്യർഥിച്ചും ബ്ലെസി 2 ദിവസം മുൻപ് കേരള ഫിലിം ചേംബറിനും സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയ്ക്കും കത്തയച്ചിരുന്നു. സംഘടനയാണ് സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ എത്തിച്ചത്. നോർക്ക വഴി കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉറപ്പാക്കി. സുരേഷ് ഗോപി എംപിയും ഇടപെട്ടു.10 ദിവസം മാത്രമാണ് ഷൂട്ടിങ് നടന്നത്. കർഫ്യൂവിനൊപ്പം പ്രാദേശിക എതിർപ്പും ഷൂട്ടിങ്ങിന് തടസ്സമായി. സംഘം നിലവിൽ സുരക്ഷിത മാണ്. താമസത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടില്ല.

തങ്ങൾ സുരക്ഷിതരാണെന്നും ഒപ്പമുള്ള ഡോക്ടർ 3 ദിവസത്തിലൊരിക്കൽ പരിശോധനകൾ നടത്തുന്നുണ്ടെന്നും പൃഥ്വിരാജ് സമൂഹമാധ്യമ കുറിപ്പിലൂടെ വ്യക്തമാക്കി. പൃഥ്വിരാജുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും നിലവിൽ അവിടെ പ്രശ്നങ്ങളില്ലെന്നും അമ്മ മല്ലിക സുകുമാരനും വ്യക്തമാക്കി. മന്ത്രി എ.കെ.ബാലൻ മല്ലികയുമായി ബന്ധപ്പെട്ട് സഹായം വാഗ്ദാനം ചെയ്തു. ഷൂട്ടിങ് ക്യാംപിൽ പട്ടിണിയോ അസുഖമോ ദുരിതമോ ഇല്ലെന്നും വരുംനാളുകളെക്കുറിച്ചുള്ള ആശങ്കമാത്രമാണുള്ളതെന്നും സംവിധായകൻ ബ്ലെസി മനോരമയോടു പറഞ്ഞു. ജോർദാനിലെ ചില മലയാളി വ്യവസായികൾ എല്ലാ സൗകര്യവും വാഗ്ദാനം ചെയ്തിട്ടുണ്ട്. 

Related post