മഹാരാജാസ് കോളേജിലെ അഭയകേന്ദ്രം അടയ്ക്കുന്നു

മഹാരാജാസ് കോളേജിലെ അഭയകേന്ദ്രം അടയ്ക്കുന്നു

കൊച്ചി നഗരസഭയുടെ കീഴിലുണ്ടായിരുന്ന അഭയകേന്ദ്രങ്ങൾ പ്രവർത്തനം അവസാനിപ്പിക്കുന്നു. യൂണിവേഴ്‌സിറ്റി പരീക്ഷ നടത്തേണ്ടതിനാൽ അന്തേവാസികളെ ഒഴിവാക്കി നൽകണമെന്ന് മഹാരാജാസ് പ്രിൻസിപ്പൽ കത്ത് നൽകിയതിനെ തുടർന്നാണ് കോളേജിലെ അഭയകേന്ദ്രം അടയ്ക്കുന്നത്. നഗരസഭയുടെ കീഴിലുള്ള അവസാന അഭയ കേന്ദ്രമാണിത്.

ആദ്യഘട്ടമെന്ന നിലയിൽ മഹാരാജാസിലെ അഭയകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന സ്ത്രീകളെയും രോഗികളെയും പള്ളുരുത്തി റിലീഫ് സെറ്റിൽമെന്റിലേക്ക് മാറ്റി. ചൊവ്വാഴ്ച അഞ്ച് അതിഥിത്തൊഴിലാളികളെ നാട്ടിലേക്ക് തീവണ്ടി കയറ്റി അയയ്ക്കുകയും ചെയ്തു. ബാക്കി വരുന്ന 70 പുരുഷന്മാരെ എവിടേക്ക് മാറ്റുമെന്നാണ് അറിയാത്തത്. വീട്ടിലേക്ക് മടങ്ങാൻ താത്‌പര്യമുള്ളവർക്ക് യാത്രക്കൂലി നൽകി വിടാനാണ് തീരുമാനം. തീരെ അവശരായവരെ സർക്കാർ ഗ്രാന്റ് കൊടുക്കുന്ന അനാഥാലയത്തിലേക്ക് മാറ്റുന്നതിനാണ് നഗരസഭ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഈ കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.

കോളേജിലെ അന്തേവാസികളെ മാറ്റണമെന്ന പ്രിൻസിപ്പലിന്റെ നിർദേശം വന്നതോടെ ക്ലാസ് മുറികളിൽ കഴിഞ്ഞവരെ ഓഡിറ്റോറിയത്തിലേക്ക്‌ മാറ്റിയിരുന്നു. ഇതോടെ ഇവിടെ സ്ഥലപരിമിതി രൂക്ഷമായി. എന്നാൽ പരീക്ഷ നടത്തുന്നതിനായി കൂടുതൽ സ്ഥലസൗകര്യം വേണ്ടതിനാൽ ഓഡിറ്റോറിയവും ഒഴിഞ്ഞു നൽകണമെന്ന് കോളേജ് അധികൃതർ അറിയിച്ചതോടെയാണ്‌ അഭയകേന്ദ്രത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ നഗരസഭ തീരുമാനിച്ചത്.

Related post