ബസിന്റെ വാതിൽ തലയിൽ തട്ടി, വിദ്യാർഥി ഗുരുതരാവസ്ഥയിൽ

ബസിന്റെ വാതിൽ തലയിൽ തട്ടി, വിദ്യാർഥി ഗുരുതരാവസ്ഥയിൽ

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ വാതിൽ തട്ടി തലയ്ക്കു പരുക്കേറ്റ കാക്കനാട് തുതിയൂർ കുന്നത്തുചിറ വീട്ടിൽ ആകാശ് പ്രകാശിന്റെ (11) നില ഗുരുതരമായി തുടരുന്നു. ആകാശിന് എറണാകുളം മെഡിക്കൽ സെന്ററിൽ ഇന്നലെയും ശസ്ത്രക്രിയ നടത്തി. ഇപ്പോഴും വെന്റിലേറ്ററിലാണ്. കൈ അനക്കിയതായി ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു. എറണാകുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ആകാശ്. തിങ്കളാഴ്ച രാവിലെ 11ന് തൃക്കാക്കര നഗരസഭ കാര്യാലയത്തിനു സമീപത്തുണ്ടായ അപകടത്തിലാണ് ആകാശിനു പരുക്കേറ്റത്. 

ബന്ധുക്കളോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവേ, മുന്നിൽ പോയ ബസിന്റെ ഡ്രൈവറുടെ കാബിൻ വാതിൽ തുറന്ന് ആകാശിന്റെ തലയിൽ തട്ടുകയായിരുന്നെന്നാണു ബന്ധുക്കളുടെ പരാതി.  ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ  പങ്കെടുക്കാൻ ആലുവയിലേക്കു പോകുമ്പോഴാണ് അപകടം. അപകടമുണ്ടാക്കുന്ന തരത്തിൽ അശ്രദ്ധമായി വാഹനം ഓടിച്ചതിനു ബസ് ഡ്രൈവർ പള്ളുരുത്തി സ്വദേശി ശരത്തിനെ (30) തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്ത ശേഷം  ജാമ്യത്തിൽ വിട്ടിരുന്നു. സംഭവം അന്വേഷിക്കുന്ന എംവിഐയുടെ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നു മോട്ടർ വാഹനവകുപ്പ് അറിയിച്ചു.

Related post