പ്രമുഖ ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

പ്രമുഖ ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

വൻകുടലിലെ അണുബാധയെ തുടർന്ന് ചികിൽസയിലായിരുന്ന ബോളിവുഡ് നടൻ ഇർഫാൻ ഖാൻ (53) അന്തരിച്ചു. മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് ഇര്‍ഫാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 

 2018 ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദേശത്ത് ചികിത്സ തേടിയ താരം അടുത്തിടെയാണ് അഭിനയരംഗത്ത് വീണ്ടും സജീവമായത്. ‘അംഗ്രേസി മീഡിയ’മാണ് ഇർഫാന്റെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ.

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളായ അദ്ദേഹം രാജ്യാന്തര സിനിമകളിലും തന്റെ പാത തുറന്നിരുന്നു. ആങ് ലിയുടെ ലൈഫ് ഓഫ് പൈ, ജുറാസിക് വേൾഡ്, ഇൻഫെർണോ തുടങ്ങിയ ഹോളിവുഡ് സിനിമകളിലും ബ്രിട്ടീഷ് സിനിമകളിലും അഭിനയിച്ചു.

ശനിയാഴ്ച ഇർഫാൻ ഖാന്റെ മാതാവ് സഈദ ബീഗം മരണപ്പെട്ടിരുന്നു. ലോക്ഡൗൺ കാരണം ജയ്പുരിലെത്തി മാതാവിനെ അവസാനമായി കാണാൻ ഇർഫാനു സാധിച്ചിരുന്നില്ല. ഭാര്യ സുതപ സിക്ദറിനും മക്കൾക്കുമൊപ്പം ഇർഫാൻ മുംബൈയിലാണ് താമസിക്കുന്നത്.

Related post