
ചലചിത്ര-സീരിയല്‍ നടൻ രവി വള്ളത്തോൾ അന്തരിച്ചു
ചലചിത്ര സീരിയല്‍ നടൻ രവി വള്ളത്തോൾ(67) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 46 സിനിമകളിലും നൂറിലേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ദൂരദർശനിലെ വൈതരണി എന്ന സീരിയലിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. സ്വാതി തിരുനാളാണ് ആദ്യ സിനിമ. മൃതദേഹം വഴുതക്കാട് ത്രയംബകയിൽ.
അടൂർ ഗോപാലകൃഷ്ണന്റെ ഏഴു സിനിമകളിൽ രവി ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ടി.വി. ചന്ദ്രൻ, എം.പി. സുകുമാരൻ നായർ തുടങ്ങിയവരുടെ ശ്രദ്ധിക്കപ്പെട്ട പല സിനിമകളിലും അഭിനയിച്ചു. മതിലുകൾ, കോട്ടയം കുഞ്ഞച്ചൻ, ഗോഡ് ഫാദർ, വിഷ്ണു ലോകം, സർഗം, കമ്മിഷണർ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിട്ടുണ്ട്. ശ്രീഗുരുവായൂരപ്പൻ, വസുന്ധര മെഡിക്കൽസ്, മണൽസാഗരം, പാരിജാതം, അമേരിക്കൻ ഡ്രീംസ് തുടങ്ങിയ മെഗാ സീരിയലുകളിലും രവി ശ്രദ്ധേയനായി.