വാട്ട്‌സ്ആപ്പില്‍ പരസ്യം ഒഴിവാക്കാന്‍ ധാരണ

വാട്ട്‌സ്ആപ്പില്‍ പരസ്യം ഒഴിവാക്കാന്‍ ധാരണ

വാട്ട്‌സ്ആപ്പിലും പരസ്യങ്ങള്‍ അനുവദിക്കാനുള്ള തീരുമാനം ഫേസ്ബുക്ക് ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാമിലേതിന് സമാനമായി വാട്ട്‌സ്ആപ്പിലും പരസ്യങ്ങള്‍ അനുവദിക്കാന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ നടന്നുവന്ന നീക്കം വിവാദമായിരുന്നു.

പരസ്യങ്ങളുടെ സമന്വയത്തിനു നിയോഗിക്കപ്പെട്ടിരുന്ന ടീമിനെ അടുത്തിടെ വാട്ട്സ്ആപ്പ് പിരിച്ചുവിട്ടതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍  പറയുന്നു. ടീമിന്റെ പ്രവര്‍ത്തനം വാട്ട്സ്ആപ്പിന്റെ കോഡില്‍ നിന്ന് ഇല്ലാതാക്കുകയും ചെയ്തു. എന്നാല്‍ സ്റ്റാറ്റസില്‍ പരസ്യങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ലെന്നാണ് സൂചനകള്‍.

പരസ്യങ്ങള്‍ വാട്സ് ആപ്പില്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ ഉപയോക്താക്കള്‍ മാത്രമല്ല അതൃപ്തി പ്രകടിപ്പിച്ചത്. ഇക്കാര്യത്തില്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് 2017 ല്‍ വാട്സ്ആപ്പ് സ്ഥാപകരായ ആക്ടണും കുമും കമ്പനിയില്‍ നിന്നും രാജിവച്ചിരുന്നു.

2014 ല്‍ 22 ബില്യണ്‍ ഡോളറിനാണ് ഫേസ്ബുക്ക് വാട്ട്സ്ആപ്പ് സ്വന്തമാക്കിയത്.് ലോകത്ത് ഏറ്റവുമധികം ഡൗണ്‍ലോഡു ചെയ്ത അപ്ലിക്കേഷനാണ് വാട്സ്ആപ്പ്. അതു കൊണ്ടു തന്നെ ധനസമ്പാദനത്തിന് കമ്പനിക്ക് എല്ലായ്പ്പോഴും പദ്ധതികളുണ്ട്. 2009 ല്‍ സ്ഥാപിതമായ ഈ അപ്ലിക്കേഷന്‍ തുടക്കത്തില്‍ ഡൗണ്‍ലോഡ് ഫീസും സബ്സ്‌ക്രിപ്ഷന്‍ ഫീസും പലേടത്തും ഈടാക്കിയിരുന്നു. എന്നാല്‍, ഫേസ്ബുക്ക് 2018 ല്‍ കമ്പനി ഏറ്റെടുത്തതോടെ ആഗോളതലത്തില്‍  ഇത് സൗജന്യമാക്കി. അതേ വര്‍ഷം തന്നെ പരസ്യങ്ങളിലൂടെ പണം സമ്പാദിക്കാനുള്ള ആശയം കൊണ്ടുവന്നു.

പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം ഉപയോക്താക്കള്‍ക്ക് വലിയ ആശ്വാസമാണ്. എസ്എംഎസ് സേവനങ്ങളുടെ ബദലായി മാറിയിട്ടുണ്ട് വാട്സ്ആപ്പ്. ഇത് ടെക്സ്റ്റിംഗ് വേഗത്തിലും എളുപ്പത്തിലുമാക്കി. അതേസമയം, ഉപയോക്താക്കള്‍ക്ക് ടെക്സ്റ്റ് ചെയ്യുമ്പോള്‍ പരസ്യങ്ങള്‍ പോലുള്ള ബാഹ്യശക്തികളുടെ സാന്നിധ്യം സഹിക്കുക അസുഖകരമാകുമെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

Related post