ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തില്‍ വീണ്ടും അതിശക്തമായ മഴക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെയാണ് കേരളത്തില്‍ വീണ്ടും ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. ആന്ധ്രാ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. നാളെ ന്യൂനമര്‍ദ്ദം ആന്ധ്രാതീരം തൊടും. ഒഡീഷ, ആന്ധ്രയുടെ തീരം എന്നിവിടങ്ങളില്‍ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തുടര്‍ന്ന് തെലങ്കാനയിലൂടെ ഗുജറാത്തിലേക്ക് കടക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായി ഈ സംസ്ഥാനങ്ങളിലും വരും ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കും.

അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്തിന് സമീപം ചുഴലിക്കാറ്റിന് സമാനമായ സാഹചര്യം ഉരുത്തിരിഞ്ഞിട്ടുണ്ട്. മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരളം വരെയുളള പ്രദേശത്ത് തിരമാല ഉയരാന്‍ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീന ഫലമായി വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ശക്തമായ മഴ ലഭിക്കാം. ഒറ്റപ്പെട്ട കനത്തമഴയ്ക്കുളള സാധ്യതയും തളളിക്കളയാന്‍ സാധിക്കില്ല. കേരളം, കര്‍ണാടക, കൊങ്കണ്‍ തീരം എന്നിവിടങ്ങളില്‍ കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അറബിക്കടലില്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍കേരളം വരെ തുടരുന്ന ന്യൂനമര്‍ദ്ദമേഖലയുടെ സാന്നിധ്യവും മഴ തുടരാന്‍ കാരണമാണ്. കാസര്‍കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനിടയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്. സെപ്റ്റംബര്‍ 14 മുതല്‍ 17 വരെ കേരളത്തില്‍ ചില സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരള തീരത്തും കര്‍ണാടക തീരത്തും അറബിക്കടലില്‍ രൂപപ്പെട്ട പ്രതിഭാസം മൂലമാണ് കേരളത്തില്‍ മഴ തുടരുന്നതെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.

കാലവര്‍ഷം വീണ്ടും കനത്തതോടെ ഇന്നലെ വടകരയിലും ഹോസ്ദുര്‍ഗിലും 14 സെന്റിമീറ്റര്‍ വീതവും കൊയിലാണ്ടി, കോഴിക്കോട് എന്നിവിടങ്ങളില്‍ 11 സെന്റിമീറ്റര്‍ വീതവുമാണ് മഴ പെയ്തത്. തലശ്ശേരി, മാഹി, കണ്ണൂര്‍, ഇരിട്ടി, വൈത്തിരി, കൊച്ചി വിമാനത്താവളം, കൊടുങ്ങല്ലൂര്‍, തൃത്താല, പെരിന്തല്‍മണ്ണ എന്നിവടങ്ങളിലും കനത്ത മഴ ലഭിച്ചു. സെപ്റ്റംബര്‍ മൂന്ന് മുതല്‍ 9 വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാനത്ത് 146 ശതമാനം അധികമഴ ലഭിച്ചെന്നാണ് കണക്ക്. വരുന്ന രണ്ടാഴ്ചയില്‍ തെക്കേ ഇന്ത്യയിലും വടക്കേ ഇന്ത്യയിലും ശരാശരിയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്.

Related post