ഭക്തിസാന്ദ്രമായി ആലുവ, ഇന്ന് മഹാ ശിവരാത്രി

ഭക്തിസാന്ദ്രമായി ആലുവ, ഇന്ന് മഹാ ശിവരാത്രി

പുണ്യനദിയായ പെരിയാറും വിശാലമായ മണൽപ്പരപ്പും ഇനി 3 നാൾ ശിവപഞ്ചാക്ഷരി മുഖരിതമാകും. പിതൃമോക്ഷ കർമങ്ങൾക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ജനലക്ഷങ്ങൾ ഇന്നു മണപ്പുറത്തേക്കു പ്രവഹിക്കും. ലക്ഷാർച്ചന തൊഴുതും ഉപവസിച്ചും ‘ഓം നമഃശിവായ’ മന്ത്രമുരുവിട്ടും ധ്യാനനിരതരായി പകൽ മണപ്പുറത്തു കഴിയുന്ന ഇവർ അർധരാത്രി മഹാദേവ ക്ഷേത്രത്തിൽ എഴുന്നള്ളിപ്പു കഴിഞ്ഞു പുഴയിൽ മുങ്ങിക്കുളിച്ചാണ് ബലിതർപ്പണം നടത്തുക.

ശിവരാത്രി ദിവസത്തിന്റെ തുടക്കം മുതൽ ബലിതർപ്പണം ആകാമെന്നാണ് വിശ്വാസം. അതിനാൽ ദൂരസ്ഥലങ്ങളിൽ നിന്നുള്ളവർ രാവിലെ മുതൽ എത്തും. തിരുവതാംകൂർ ദേവസ്വം ബോർഡ് 150 ബലിത്തറകൾ ഒരുക്കിയിട്ടുണ്ട്. കുംഭത്തിലെ അമാവാസി ഞായറാഴ്ചയും ഉള്ളതിനാൽ അന്നു രാവിലെ 10 വരെ തിരക്ക് പ്രതീക്ഷിക്കുന്നു. ശ്രീനാരായണ ഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിൽ രാത്രി 9.30നു ബലിതർപ്പണം തുടങ്ങും.

ദേവസ്വം ബോർഡിന്റെ ബലിത്തറകളിൽ അതിനു മുൻപേ ബലിയിടൽ തുടങ്ങും. ക്ഷേത്രകർമങ്ങൾക്കു മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരി കാർമികത്വം വഹിക്കും. തിലഹവനം, ജലധാര, അപ്പം, അരവണ, വില്വാർച്ചന തുടങ്ങിയ വഴിപാടുകൾക്കു പ്രത്യേക കൗണ്ടറുകൾ തുറന്നു. നൂറുകണക്കിനു വൈദ്യുതി വിളക്കുകൾ ചൊരിയുന്ന ദീപപ്രഭയിൽ മുങ്ങിക്കുളിച്ചു നിൽക്കുകയാണ് മണപ്പുറം.ദർശനത്തിനു വരിനിൽക്കുന്ന ഭക്തജനങ്ങൾ വെയിൽ കൊള്ളാതിരിക്കാൻ മേൽപ്പന്തൽ കെട്ടി.

ദാഹജല വിതരണം, അന്നദാനം എന്നിവ ഉണ്ടാകും. നേവിയുടെയും അഗ്നിരക്ഷാസേനയുടെയും മുങ്ങൽ വിദഗ്ധരുടെ സേവനം ലഭ്യമാണ്. അൻവർ സാദത്ത് എംഎൽഎ, റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്, നഗരസഭാധ്യക്ഷ ലിസി ഏബ്രഹാം എന്നിവർ മണപ്പുറത്ത് എത്തി ക്രമീകരണങ്ങൾ വിലയിരുത്തി. അദ്വൈതാശ്രമത്തിൽ രാവിലെ ശാന്തിഹവനത്തോടെ ശിവരാത്രി ആഘോഷം തുടങ്ങും. 4.30നു സർവമത സമ്മേളനം, 9.30നു ബലിതർപ്പണം. ഒരേസമയം 2000 പേർക്കു ബലിയിടാൻ സൗകര്യമുണ്ടെന്നു സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ പറഞ്ഞു.

Related post