ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലും ഓഫർ പെരുമഴ

ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലും ഓഫർ പെരുമഴ

പതിവു പോലെ ഉത്സവകാലം ആരംഭിക്കുകയാണെങ്കിലും, കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയുള്ള ഷോപ്പിങ് ഇത്തവണ മുന്‍ വര്‍ഷങ്ങളിലെതിനെ അപേക്ഷിച്ചു കുറയുമെന്ന റിപ്പോര്‍ട്ടുകളില്‍ ആശവച്ചാണ് ഇന്ത്യയിലെ പ്രമുഖ ഇകൊമേഴ്‌സ് സ്ഥാപനങ്ങളായ ഫ്‌ളിപ്കാര്‍ട്ടും ആമസോണും തങ്ങളുടെ വില്‍പ്പന മേളകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോണ്‍ ദി ഗ്രെയ്റ്റ് ഇന്ത്യന്‍ സെയിലും, ഫ്‌ളിപ്കാര്‍ട്ട് ദി ബിഗ് ബില്ല്യന്‍ ഡേ സെയിലുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എച്ഡിഎഫ്‌സി ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 10 ശതമാനം കിഴിവ് ആമസോണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഉപകരണങ്ങള്‍ എക്‌സ്‌ചേഞ്ചു ചെയ്യുക വഴി 13,000 രൂപ വരെ കിഴിവു നല്‍കുമെന്നും അവര്‍ പറഞ്ഞു. 

ടിവി, സ്മാര്‍ട് ഫോണ്‍, വീട്ടുപകരണങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഇതു ബാധകമായിരിക്കും. മുൻപൊരിക്കലും ലഭ്യമാക്കാത്ത അത്ര കുറഞ്ഞ വിലയ്ക്ക് ഉപകരണങ്ങള്‍ നല്‍കുമെന്നാണ് ആമസോണിന്റെ മറ്റൊരു അവകാശവാദം. പല പ്രൊഡക്ടുകള്‍ക്കും നിലംപറ്റെയുള്ള വിലയായിരിക്കും ഇടുക എന്നും കമ്പനി അവകാശപ്പെടുന്നു. പതിവുപോലെ പ്രൈം മെമ്പര്‍മാര്‍ക്ക് പല ഓഫറുകളും നേരത്തെ ലഭിക്കും. ആമസോണ്‍ അടുത്തിടെ ഇറക്കിയ എക്കോ സ്പീക്കറുകള്‍, ഫയര്‍ ടിവി സ്റ്റിക്, കിന്‍ഡില്‍ ഇറീഡര്‍ തുടങ്ങിയവയ്ക്കും വിലക്കുറവ് ലഭിക്കും.

ആമസോണിനെ പോലെ തന്നെ തങ്ങളുടെ പ്ലസ് മെമ്പര്‍മാര്‍ക്ക് കൂടുതല്‍ ഗുണകരമായ രീതിയിലാണ് ഫ്‌ളിപ്കാര്‍ട്ടും സെയില്‍ അവതരിപ്പിക്കുന്നത്. എസ്ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കായിരിക്കും ഫ്‌ളിപ്കാര്‍ട്ട് 10 ശതമാനം കിഴിവു നല്‍കുക. പേടിഎം ഉപയോഗിച്ചുള്ള വാങ്ങലുകള്‍ക്കും ഉറപ്പായും ക്യാഷ് ബാക്ക് നല്‍കുമെന്നും കമ്പനി പറയുന്നു. സ്മാര്‍ട് ഫോണുകള്‍ക്ക് ഇന്നേവരെ നല്‍കിയിരിക്കുന്നതിലേക്കും വച്ച് ഏറ്റവും വലിയ കിഴിവുകള്‍ നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കേവലം ഒരു രൂപയ്ക്ക് മൊബൈല്‍ പ്രൊട്ടക്ഷന്‍, എക്‌സ്‌ചേഞ്ച് ഓഫറുകള്‍ തുടങ്ങിയവ ഫ്‌ളിപ്കാര്‍ട്ടിന്റെ സെയിലില്‍ ലഭിക്കും.

English Summary: Amazon and Flipkart online sales to begin soon

Related post