അരൂക്കുറ്റി പാലത്തിന്റെ നടപ്പാതയിലെ മൂടിയും സ്വിച്ച്‌ബോക്സും സാമൂഹിക വിരുദ്ധർ നശിപ്പിച്ചു

അരൂക്കുറ്റി പാലത്തിന്റെ നടപ്പാതയിലെ മൂടിയും സ്വിച്ച്‌ബോക്സും സാമൂഹിക വിരുദ്ധർ നശിപ്പിച്ചു

അരൂക്കുറ്റി പാലത്തിന്റെ നടപ്പാതയിലെ കോൺക്രീറ്റ് മൂടിയും അനുബന്ധ സ്വിച്ച്‌ബോക്സും സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. ഇരുട്ടിൽ പാലത്തിലെ നടപ്പാതയിലൂടെ പോകുന്നവർ അപകടത്തിൽപ്പെടുന്ന വിധത്തിലാണ് കോൺക്രീറ്റ്‌ മൂടി എടുത്തുമാറ്റിയിരിക്കുന്നത്. പാലത്തിന് കീഴിൽ കുറച്ചുനാളുകൾക്ക് മുമ്പ് ഒരു സംഘം ആളുകൾ മണൽവാരിയെടുക്കുമായിരുന്നു.

പ്രദേശവാസികൾ അറിയാതിരിക്കാനായി പാലത്തിലെ വിളക്കുകൾ ഇവർ നശിപ്പിച്ചതായും പരാതി ഉയർന്നിരുന്നു. ഇതിന്റെ ഭാഗമായാണ് നടപ്പാതയിലെ കോൺക്രീറ്റ് മൂടിയും സമീപത്തെ വൈദ്യുത സ്വിച്ച്‌ബോക്‌സും നശിപ്പിച്ചത്. അരൂരിലെ പാലങ്ങൾ കേന്ദ്രീകരിച്ച് മാലിന്യങ്ങൾ വാഹനങ്ങളിൽ കൊണ്ടുവന്ന് കായലിലേക്ക് തള്ളുന്ന കരാർ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

അരൂർ-കുമ്പളം പാലത്തിന്റെ കരകളിൽ കക്കൂസ് മാലിന്യം തള്ളുന്നവർ തൊട്ടടുത്ത സെമിനാരി അധികൃതരുടെ പരാതിയും വിലക്കുകളും വകവയ്ക്കാതെ ടാങ്കർ ലോറികളിൽ കൊണ്ടുവന്ന് നേരിട്ട് മാലിന്യം ഒഴുക്കുകയാണ്. ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി പരിഹാരത്തിനായി കാത്തിരിക്കയാണ് വൈദിക വിദ്യാർഥികൾ.

പാലങ്ങളിൽ ശക്തിയേറിയ പ്രകാശമുള്ള ഹൈമാസ്റ്റ് ലൈറ്റുകൾ തെളിക്കുക, നിശ്ചിതസമയം ഇടവിട്ട് പോലീസ് പട്രോളിങ് ഏർപ്പെടുത്തുക, സി.സി. ടി.വി ക്യാമറകൾ ഘടിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പ്രദേശവാസികൾ അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ടെങ്കിലും പരിഹാരപ്രവർത്തനങ്ങൾ ഇനിയും തുടങ്ങിയിട്ടില്ല.

Related post