
എം.കെ.അർജുനൻ മാസ്റ്റർ അന്തരിച്ചു
സംഗീത സംവിധായകൻ എം.കെ. അർജുനൻ മാസ്റ്റർ (84) അന്തരിച്ചു. ഇന്നു പുലർച്ചെ മൂന്നുമണിയോടെ പള്ളുരുത്തിയിൽ താമസിക്കുന്ന വീട്ടിലായിരുന്നു അന്ത്യം. കോവിഡ് 19 പശ്ചാത്തലത്തിൽ നിയന്ത്രണ വിധേയമായി ഔദ്യോഗിക ബഹുമതികളോടെ ആയിരിക്കും സംസ്കാരമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ പറഞ്ഞു.
മലയാള സിനിമാ സംഗീത ലോകത്തിന് അനശ്വരങ്ങളായ നിരവധി ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് എം.കെ.അർജുനൻ. യമുനേ പ്രേമയമുനേ, പാടാത്ത വീണയും പാടും, കസ്തൂരി മണക്കുന്നല്ലോ, തുടങ്ങിയ ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച അർജ്ജുൻ മാസ്റ്റർ, ഇരുനൂറിലധികം ചിത്രങ്ങളിലായി ആയിരത്തിലധികം ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. ആറ് പതിറ്റാണ്ടിലേറെ നീണ്ട സംഗീത സപര്യയ്ക്കാണ് ഇന്ന് തിരശീല വീണിരിക്കുന്നത്.
റിലീസിനൊരുങ്ങുന്ന “വെളളാരം കുന്നിലെ വെള്ളിമീനുകള്‍” എന്ന ചിത്രത്തിനു വേണ്ടിയാണ് അര്ജുന് മാസ്റ്റർ അവസാനമായി സംഗീതം നല്‍കിയത്. കുമാര്‍ നന്ദ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ഗാനരചന രാജീവ് ആലുങ്കല്‍ നിര്‍വഹിക്കുന്നു.