വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് കോടികളുടെ തട്ടിപ്പ്:  മുഖ്യപ്രതി പിടിയിൽ

വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് കോടികളുടെ തട്ടിപ്പ്: മുഖ്യപ്രതി പിടിയിൽ

വിദേശത്ത് നഴ്‌സിങ് ജോലി വാഗ്ദാനംചെയ്ത് കോടികൾ തട്ടിയ കേസിൽ മുഖ്യപ്രതി പോലീസ് പിടിയിൽ. കേസിൽ ഒളിവിൽപ്പോയ ഒന്നാം പ്രതിയായ ജോർജ്‌ ടി. ജോസിനെ കൊച്ചി സിറ്റി പോലീസിന്റെ സ്പെഷ്യൽ ടീമാണ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ ബോയിസർ എന്ന സ്ഥലത്തുനിന്ന്‌ ബുധനാഴ്ച വെളുപ്പിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊച്ചി സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെയാണ്, ഒളിവിൽ കഴിഞ്ഞ പ്രതിയെ കണ്ടെത്തിയത്.

പനമ്പിള്ളിനഗറിൽ പ്രവർത്തിക്കുന്ന ‘ജോർജ് ഇന്റർനാഷണൽ’ എന്ന കൺസൾട്ടൻസി സ്ഥാപനത്തിന്റെ പേരിൽ വിദേശത്ത് നഴ്‌സിങ് ജോലി വാഗ്ദാനംചെയ്ത് 200 പേരിൽനിന്ന് രണ്ടുകോടിയോളം രൂപ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. എറണാകുളം സൗത്ത് പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു.

പിന്നീട് കൊച്ചി സിറ്റി ഡി.സി.പി ജി. പൂങ്കുഴലിയുടെ നിർദേശപ്രകാരം കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. കേസിലെ ആറാം പ്രതി ഇടുക്കി അണക്കര സ്വദേശിനി വിനീത മാത്യുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. സ്ഥാപനത്തിന്റെ മറ്റു നടത്തിപ്പുകാരായ ആദർശ് ജോസ്, അനീഷ് ജോസ് തുടങ്ങിയവരാണ് ഇനി അറസ്റ്റിലാകാനുള്ളത്.

Related post