ബവ്ക്യൂ ആപ് പൊല്ലാപ്പായെന്ന് ബവ്കോ

ബവ്ക്യൂ ആപ് പൊല്ലാപ്പായെന്ന് ബവ്കോ

ബവ്ക്യൂ ആപ് ഇതേ രീതിയിൽ തുടർന്നാൽ ഔട്‌ലെറ്റുകൾ പൂട്ടേണ്ടി വരുമെന്നു ബവ്റിജസ് കോർപറേഷൻ. കഴിഞ്ഞ ദിവസത്തെ 2.5 ലക്ഷം ടോക്കണുകളിൽ ഔ‌ട്‌ലെറ്റിനു ലഭിച്ചത് 49000 മാത്രം. കോർപറേഷനെ സംരക്ഷിക്കണമെന്നും ആപ്പിന്റെ പേര് ബാർ ക്യൂ എന്നാക്കി മാറ്റണമെന്നും ആവശ്യപ്പെട്ട് ബവ്കോയിലെ സംഘടനകളും രംഗത്തെത്തി. ആപ്പിനൊപ്പം പുനരാംരംഭിച്ച മദ്യക്കച്ചവടത്തിൽ ദിവസവും കോർപറേഷനു പറയാനുള്ളതു നഷ്ടക്കണക്കുകൾ മാത്രം.

മാർച്ച് 28ന് 22.5 കോടിയുടെ മദ്യം വിറ്റ കോർപറേഷൻ ശനിയാഴ്ച വിൽപന നടത്തിയത് 16 കോടിയുടെ മദ്യം മാത്രം. അവധി ദിവസമായതിനാൽ ഇന്നലെ റെക്കോഡ് മദ്യവിൽപന നടക്കേണ്ടതായിരുന്നു. എന്നാൽ വിൽപനയിൽ ഗണ്യമായ കുറവാണുണ്ടായത്. ഇതോടെയാണ് ആപ്പിനെതിരെ ബവ്റിജസ് കോർപറേഷൻ രംഗത്തു വന്നത്.

ശനിയാഴ്ച കോർപറേഷനു കിട്ടിയ ടോക്കണുകൾ കുറഞ്ഞതോടെ ബവ്റിജസ് കോർപറേഷൻ എംഡി ജി.സ്പർജൻകുമാർ തന്നെ ആപ് അധികൃതരോടും സ്റ്റാർട്ടപ് മിഷനോടും വിശദീകരണം തേടി. ഉപഭോക്താവ് റജിസ്റ്റർ ചെയ്യുന്ന പിൻകോഡ് സെർച് ചെയ്യുമ്പോൾ ആദ്യം കിട്ടുന്ന മദ്യക്കടയിലേക്കു സിസ്റ്റം തന്നെ ടോക്കൺ ജനറേറ്റ് ചെയ്യുന്നു എന്നാണ് ആപ് അധികൃതരുടെ മറുപടി. നേരത്തേ, ആപ് കമ്പനിയായ ഫെയർകോഡിനോട് കോർപറേഷൻ ആവശ്യപ്പെട്ടത് ആദ്യം ഔട്‌ലെറ്റിൽ ടോക്കൺ നൽകുക എന്നും, അതിനു ശേഷം ബാർ മതി എന്നുമാണ്. എന്നാൽ ഇപ്പോൾ സംഭവിക്കുന്നത് നേരെ തിരിച്ചാണെന്നാണു സംഘടനകളുടെ ആരോപണം.

English Summary: Bevco claims that the Bevq app is a headache

Related post