കൊച്ചിയിൽ റോ-റോ വെസൽ വിനോദസഞ്ചാര ബോട്ടിലിടിച്ചു

കൊച്ചിയിൽ റോ-റോ വെസൽ വിനോദസഞ്ചാര ബോട്ടിലിടിച്ചു

കൊച്ചി അഴിമുഖത്തു റോ-റോ വെസൽ വിനോദസഞ്ചാര ബോട്ടിലിടിച്ചു. ബോട്ടിന്റെ പലക തകർന്നെങ്കിലും ആളപായമില്ല. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഫോർട്ട്കൊച്ചിയിൽ നിന്ന് വൈപ്പിനിലേക്കു മടങ്ങുകയായിരുന്ന റോ–റോ വെസൽ അഴിമുഖത്തു നിർത്തിയിട്ടിരുന്ന ‘ബേ- കിങ്’ എന്ന വിനോദ സഞ്ചാര ബോട്ടിൽ ഇടിക്കുകയായിരുന്നു. കമാലക്കടവിലെ ടൂറിസ്റ്റ് ജെട്ടിയിൽ നിന്നു വിനോദ സഞ്ചാരികളുമായി എറണാകുളത്തേക്ക് മടങ്ങുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.  മഹാരാഷ്ട്രയിൽ നിന്നുള്ള 12 സ്ത്രീകളടക്കം 25 യാത്രക്കാരും 4 ജീവനക്കാരുമാണു ബോട്ടിലുണ്ടായിരുന്നത്.   അപകടശേഷം കപ്പൽ ചാലിലൂടെ യാത്ര തുടർന്ന ബോട്ട് കോസ്റ്റൽ പൊലീസ് മടക്കി വിളിച്ചു. തുടർന്നു ബോട്ടിലുണ്ടായിരുന്ന വിനോദ സഞ്ചാരികളെ ഫോർട്ട്കൊച്ചിയിൽ നിന്നു  ബസിലാണ് എറണാകുളത്തേക്കു കൊണ്ടുപോയത്. റോ-റോ പ്രവർത്തനം സഞ്ചാരികളെ കാണിക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടമുണ്ടായതെന്നു ദൃക്സാക്ഷികൾ  പറയുന്നു.

ബോട്ടിന്റെയും റോ–റോ വെസലിന്റെയും സ്രാങ്കുകളിൽ നിന്നു പൊലീസ് മൊഴിയെടുത്തു. റോ-റോയുടെ സഞ്ചാരപഥത്തിൽ  ഇടതു വശത്തു ബോട്ട് നിർത്തിയിട്ടതാണ് അപകടത്തിനു കാരണമായതായാണു പൊലീസ് നിഗമനം.  ബോട്ടിലുണ്ടായിരുന്ന സഞ്ചാരികൾ സുരക്ഷ ഉപകരണങ്ങൾ ധരിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.  സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചതിനു ശേഷം നടപടിയെടുക്കുമെന്നു ഫോർട്ട്കൊച്ചി എസ്ഐ ജിൻസൻ ഡൊമിനിക് പറഞ്ഞു. 

റോ-റോയുടെ റാംപ് ഇടിച്ചു ബോട്ടിന്റെ ഒരു ഭാഗത്തെ പലക തകർന്നു. വിനോദ സഞ്ചാരികളുമായി എത്തിയ ബോട്ട് മുന്നിൽ കിടക്കുന്നതു കണ്ടിട്ടും റോ-റോ മുന്നോട്ടെടുത്തതു  പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സംഭവ സമയത്തു റോ–റോ ഓടിച്ചത് ട്രെയിനിയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. 2016 ഓഗസ്റ്റിൽ ഇതേ സ്ഥലത്താണു മത്സ്യബന്ധന യാനമിടിച്ചു യാത്രബോട്ട് തകർന്നു 11 പേർ മരിച്ചത്.

Related post