സുഹൃത്തിനെ രക്ഷിക്കാനിറങ്ങിയ യുവാവ് കടലിൽ മുങ്ങി മരിച്ചു

സുഹൃത്തിനെ രക്ഷിക്കാനിറങ്ങിയ യുവാവ് കടലിൽ മുങ്ങി മരിച്ചു

കടപ്പുറത്ത് കുളിക്കാനിറങ്ങി തിരയി‍ൽപ്പെട്ടു മുങ്ങിയ സുഹൃത്തിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ബീച്ച്റോ‍ഡ് സെന്റ് ജോൺപാട്ടം മിനി കോളനി കൊല്ലംപറമ്പിൽ കെ.വി.ജോസഫിന്റെ മകൻ ഇമ്മാനുവൽ ജോസഫ് (19) ആണ് മരിച്ചത്. ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയാണ്. സംസ്കാരം നടത്തി.

ഇന്നലെ രാവിലെ 6 മണിയോടെ കടപ്പുറത്തുള്ള മണൽതിട്ടയിൽ ഫുട്ബോൾ കളിക്കാൻ എത്തിയതായിരുന്നു ഇമ്മാനുവലും കൂട്ടുകാരും. അതിനുശേഷം കടലിൽ കുളിക്കാനിറങ്ങിയ 5 പേരടങ്ങിയ സംഘത്തിൽ പെട്ട ഡോൺ സേവ്യർ (19) ശക്തമായ തിരയിൽപ്പെട്ട് ഒഴുകിപ്പോകുന്നത് കണ്ടാണ് ഇമ്മാനുവൽ രക്ഷപ്പെടുത്താനിറങ്ങിയത്.

സമീപത്തുണ്ടായിരുന്ന ചെറുവള്ളത്തിലെ തൊഴിലാളികളായ എ.ടി.ആന്റണി, ജോളി, എ.ടി.കുഞ്ഞുമോൻ എന്നിവർ ചേർന്ന് ഡോണിനെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു.ഇതിനിടയിൽ ഇമ്മാനുവലിനെ കാണാതായി. മത്സ്യത്തൊഴിലാളികൾ വിവരം അറിയിച്ചതനുസരിച്ച് എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും നാവിക സേനാംഗങ്ങളും തിരച്ചിലിൽ പങ്കെടുത്തു. ഇന്റർഡൈവ് മുങ്ങൽവിദഗ്ധരും തിരച്ചിനു സഹായിച്ചു. 11 മണിയോടെ മൃതദേഹം കണ്ടെടുത്തു.നിർമാണത്തൊഴിലാളിയായ ജോസഫിന്റെ 2 മക്കളിൽ ഇളയ ആളാണ് ഇമ്മാനുവൽ. അമ്മ: ലൈസ. സഹോദരി: ലിയ.

Related post