ബ്രഹ്മപുരത്ത് മാലിന്യ പ്ലാന്റിൽ തീപിടിത്തം

ബ്രഹ്മപുരത്ത് മാലിന്യ പ്ലാന്റിൽ തീപിടിത്തം

ബ്രഹ്മപുരത്തു പ്ലാസ്റ്റിക് മാലിന്യത്തിനു വീണ്ടും തീപിടിച്ചു. ഖരമാലിന്യ പ്ലാന്റിനു സമീപം ഏക്കർ കണക്കിനു ഭാഗത്തെ പ്ലാസ്റ്റിക് മാലിന്യത്തിനാണ് ഇന്നലെ വൈകിട്ടു മൂന്നിനു തീപടർന്നത്. ശക്തമായ കാറ്റു വീശിയതിനാൽ പെട്ടെന്നു തീ ആളിപ്പടരുകയായിരുന്നു. തൃക്കാക്കര, പട്ടിമറ്റം, ഗാന്ധിനഗർ, മട്ടാഞ്ചേരി, കളമശേരി, ക്ലബ് റോഡ്, ആലുവ, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ ഫയർ സ്റ്റേഷനുകളിൽ നിന്നായി നൂറിലധികം ജീവനക്കാർ ഏറെ നേരം പണിപ്പെട്ടാണു തീയണച്ചത്.

റീജനൽ ഫയർ ഓഫിസർ കെ.കെ.ഷിജു, ജില്ലാ ഫയർ ഓഫിസർ എ.എസ്.ജോജി എന്നിവർ നേതൃത്വം നൽകി. വൻ തോതിൽ പുക ഉയർന്നത് അഗ്നിരക്ഷാ സേനയ്ക്കു വെല്ലുവിളി ഉയർത്തി. തീപിടിച്ച പലയിടങ്ങളിലേക്കും എത്തിപ്പെടാൻ അഗ്നിരക്ഷാ സേനാംഗങ്ങൾ ഏറെ പാടു പെട്ടു. വഴി പുതുതായി ഒരുക്കിയെങ്കിലും പല ഭാഗത്തേക്കും കടന്നു ചെല്ലാനായില്ല. മാലിന്യം കൂട്ടിയിട്ടിരിക്കുന്നത് വലിയ കൂനകളായതിനാൽ മുകളിലേക്കു കയറാനും ബുദ്ധിമുട്ടി.

കഴിഞ്ഞ വർഷം 5 പ്രാവശ്യം പ്ലാസ്റ്റിക് മാലിന്യത്തിനു തീ പിടിച്ചു. ഇൗ വർഷം ആദ്യമായാണു ബ്രഹ്മപുരത്തു തീപിടിത്തം റിപ്പോർട്ട് ചെയ്യുന്നത്. വേനൽ കടുത്തതോടെ മലപോലെ മാലിന്യം കൂടിക്കിടക്കുന്നതിനാൽ ഏതു നേരത്തും തീപിടിത്ത സാധ്യതയുണ്ട്. മാലിന്യം കൂട്ടിയിട്ടിരിക്കുന്നതിനു സമീപം തന്നെയാണ് അതീവ സുരക്ഷാ മേഖലയായ ബ്രഹ്മപുരം താപവൈദ്യുത നിലയം. ഫാക്ടും സമീപത്താണ്.  സ്മാർട് സിറ്റി പ്രദേശം, ഇൻഫോ പാർക്ക് ഫേസ് രണ്ട് എന്നിവയും ബ്രഹ്മപുരം പ്ലാന്റിന്  അടുത്താണു സ്ഥിതി ചെയ്യുന്നത്.

Related post