
കലൂരിൽ നാട്ടുകാരെ വിറപ്പിച്ച പോത്ത് വലയിൽ.
കൊച്ചി കലൂരിൽ രാവിലെ അറക്കാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി. പാവക്കുളം അമ്പലത്തിനു സമീപത്തുനിന്നു തുടങ്ങിയ ഓട്ടം നിന്നത് എജെ ഹാളിനു സമീപം കത്രിക്കടവ് ഫിഫ്ത്ത് അവന്യൂ ലൈനിൽ. നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്നാണു പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയത്. പിന്നെ പോത്തിനെ പിടികൂടാനുള്ള നെട്ടോട്ടം.
ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ടിലെ സിനിമയിൽ കണ്ട ഓട്ടമൊന്നും ഓടിയില്ലെങ്കിലും നാട്ടുകാരും പൊലീസും തടി കേടുവരാതെ രക്ഷപെട്ടതു തലനാരിഴയ്ക്ക്. കൊറോണ ഭീതിയിൽ വിലക്കു നിലനിൽക്കുന്നതു കൊണ്ടു മാത്രം ആളുകൾ അധികം നിരത്തിലില്ലാതിരുന്നതുകൊണ്ട് കാര്യമായ ആളപായങ്ങളുണ്ടായില്ല. ഫിഫ്ത്ത് അവന്യൂ ഒരു ‘ഡെഡ് എൻഡ്’ ആയതുകൊണ്ടു മാത്രം ഫയർഫോഴ്സ് വിരിച്ച വലയിൽ പോത്ത് കുടുങ്ങി.
ഇതിനിടെ ഉദ്യോഗസ്ഥരെ കുത്തുന്നതിനു പോത്ത് ആയുന്നതും കഷ്ടിച്ചു രക്ഷപ്പെടുന്നതുമെല്ലാം വിഡിയോയിൽ കാണാം. ഗാന്ധിനഗറിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളാണു സ്ഥലത്തെത്തി അതിസാഹസികമായി പോത്തിനെ കീഴടക്കി ഉടമയെ ഏൽപിച്ചത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സുനിൽകുമാർ എം.ആർ, സീനിയർ ഫയർ ഓഫിസർ അരുൺ എന്നിവർക്കൊപ്പം റോജോ, ലിപിൻദാസ്, ഷാനവാസ്, രാംരാജ്, ശ്യാംകുമാർ, ഗോകുൽ, സിൻ മോൻ എന്നിവരും ‘കലൂർ ജെല്ലിക്കെട്ടിൽ’ പങ്കാളികളായി.