
ഭൂതത്താന്‍കെട്ടിലെ അനധികൃത ബണ്ട് തല്ക്കാലം പൊളിക്കില്ല
എറണാകുളം ഭൂതത്താന്കെട്ടില് വനഭൂമികളെ ബന്ധിപ്പിച്ച് അനധികൃതമായി നിര്‍മ്മിച്ച ബണ്ട് പൊളിക്കുന്നതിനുള്ള നടപടികള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. സമീപവാസികളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് തീരുമാനം. പഞ്ചായത്തംഗങ്ങള്‍ അടക്കമുള്ളവര്‍ ബണ്ട് പൊളിക്കുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
താമസസ്ഥലത്തേക്ക് വഴി ഇല്ലാതാകുമെന്ന് പറഞ്ഞായിരുന്നു സമീപവാസികളുടെ പ്രതിഷേധം. ഇവരെ പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി. തുടര്‍ന്ന് എല്‍ദോ എബ്രഹാം എംല്‍എ വിഷയത്തില്‍ ഇടപെടുകയായിരുന്നു. പിന്നാലെ. കൂടുതൽ ചർച്ച നടത്തിയ ശേഷം നടപടി എടുത്താൽ മതി എന്ന് അധികൃതര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അറസ്റ്റ് ചെയ്തവരെ പൊലീസ് പിന്നീട് വിട്ടയച്ചു.
ഭൂതത്താന്കെട്ടില് പെരിയാര്‍വാലി കനാലിന് കുറുകെ വനഭൂമികളെ ബന്ധിപ്പിച്ച് നിയമവിരുദ്ധമായി ബണ്ട് നിര്‍മ്മിച്ച സംഭവം കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. വാര്‍ത്ത പുറത്തുവന്നതോടെ ജില്ലാ കളക്ടര്‍ അന്വേഷണം പ്രഖ്യാപിക്കുകയും ബണ്ട് പൊളിച്ചുനീക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.