വിമാനത്താവളത്തിനായി    ചെറുവള്ളി എസ്റ്റേറ്റ് ഒഴിപ്പിക്കാൻ  ബലപ്രയോഗം പാടില്ല

വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഒഴിപ്പിക്കാൻ ബലപ്രയോഗം പാടില്ല

ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കരുതെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കാൻ നിയമപ്രകാരം നടപടി ആകാമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് വ്യക്തമാക്കി. ഭൂമി കൈവശത്തിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റിന്റെ ഹർജി നേരത്തേ കോടതിയിലുണ്ട്. ഇതിനിടെ, ഭൂമി ഏറ്റെടുക്കാൻ റവന്യു വകുപ്പ് ഉത്തരവിറക്കിയ സാഹചര്യത്തിൽ അതു കോടതിയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. 

ഉടമസ്ഥത സംബന്ധിച്ച് കോടതിയിൽ തർക്കം ഉള്ളതിനാൽ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ 77–ാം വകുപ്പ് അനുസരിച്ച് കോടതിയിൽ നഷ്ടപരിഹാരത്തുക കെട്ടിവച്ച് ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ ഉത്തരവിലുള്ളത്. എന്നാൽ, ട്രസ്റ്റിന്റെ ഭൂമി ഏറ്റെടുക്കുമ്പോൾ നഷ്ട പരിഹാരം കിട്ടേണ്ടതു ട്രസ്റ്റിനാണെന്ന് ഹർജിക്കാർ വാദിച്ചു. ഉടമസ്ഥാവകാശം സംബന്ധിച്ചു പാലാ സബ് കോടതിയിലുള്ള കേസ് തീർപ്പാകും മുൻപേ ബലമായി ഏറ്റെടുപ്പിക്കാനാകില്ല എന്നും വാദിച്ചു. എന്നാൽ, ഏറ്റെടുക്കൽ 2013ലെ നിയമപ്രകാരം ആയിരിക്കുമെന്നും മറിച്ചുള്ള ആശങ്കയിൽ കഴമ്പില്ലെന്നും സർക്കാർ വാദിച്ചു.

English Summary: No forced evacuation of Cheruvalli Estate for the airport.

Related post