ഓടക്കാലി പള്ളിയില്‍ സംഘര്‍ഷം, പൊലീസ്  ഗേറ്റിന്റെ പൂട്ട് പൊളിച്ചു

ഓടക്കാലി പള്ളിയില്‍ സംഘര്‍ഷം, പൊലീസ് ഗേറ്റിന്റെ പൂട്ട് പൊളിച്ചു

പെരുമ്പാവൂരില്‍ ഓടക്കാലി സെന്റ് മേരീസ് പള്ളിയിൽ കോടതി വിധി നടപ്പാക്കുന്നതിനായി പൊലീസെത്തിയെങ്കിലും യാക്കോബായ വിശ്വാസികൾ തടഞ്ഞതിനെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ. പള്ളിയുടെ ഗേറ്റ് പൂട്ടിയിട്ടിരുന്നതിനാൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് താഴ് മുറിച്ചാണ് പൊലീസ് അകത്ത് പ്രവേശിച്ചത്. നിലവിൽ പൊലീസ് വൈദികരുമായി ചർച്ച നടത്തുകയാണ്.  താക്കോൽ കൈമാറില്ലെന്ന നിലപാടിൽ പള്ളി ഭാരവാഹികൾ ഉറച്ചു നിൽക്കുന്നതിനാൽ   യാക്കോബായ സഭ വിശ്വാസികൾ പള്ളിക്കു മുന്നിൽ കുത്തിയിരിക്കുകയാണ്

കോടതി വിധി നടപ്പാക്കാനുള്ള കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഓർത്തഡോക്സ് സഭാ വിശ്വാസികൾ പൊലീസ് അകമ്പടിയോടെ സ്ഥലത്തെത്തിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വലിയ സംഘം സ്ഥലത്ത് തമ്പടിച്ചിട്ടുണ്ട്. യാക്കോബായ വിശ്വാസികളുടെ പ്രതിഷേധത്തിൽ പള്ളി ഏറ്റെടുക്കാനുള്ള നീക്കം വീണ്ടും തടസപ്പെട്ടതോടെ പൊലീസ് പ്രതിരോധത്തിലായരിക്കുകയാണ്. തടയാനെത്തിയവരെ പിടിച്ചു മാറ്റി അകത്തു കടക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ ആളുകൾ എത്തിയതോടെ പൊലീസിനു പിൻമാറേണ്ടി വന്നു. സമാധാന പരമായി പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഇപ്പോൾ പൊലീസിന്റെ ശ്രമം.

ഗേറ്റിന്റെ താഴ് പൊളിക്കുന്നതിനു മുമ്പ് മതിൽ ചാടിക്കടന്ന് അകത്തുള്ളവരെ പുറത്താക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ ശക്തമായി പ്രതിരോധിച്ചതോടെ പിൻമാറുകയായിരുന്നു. പള്ളി വിട്ടുകൊടുക്കാൻ യാതൊരു കാരണവശാലും തയാറല്ലെന്ന നിലപാടിലാണ് വിശ്വാസികൾ. അതേ സമയം കോടതി ഉത്തരവ് നടപ്പാക്കാതെ പിൻമാറില്ലെന്ന് പൊലീസും അറിയിച്ചിട്ടുണ്ട്.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസവും പള്ളിയിൽ പ്രവേശിക്കാൻ എത്തിയെങ്കിലും യാക്കോബായ വിശ്വാസികളുടെ എതിർപ്പിനെ തുടർന്ന് അതിന് കഴിഞ്ഞിരുന്നില്ല. അതിനാലാണ് ഇത്തവണ പൊലീസ് സംരക്ഷണത്തിൽ എത്തിയത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് പ്രതിഷേധവുമായി പള്ളി പരിസരത്ത് തടിച്ചുകൂടിയിരിക്കുന്നത്. തഹസിൽദാർ എത്തിയ ശേഷം പള്ളിയിൽ പ്രവാശിപ്പിക്കാം എന്ന നിലപാടിലാണ് പൊലീസ്.

Related post