കൊച്ചിയിൽ‌ കണ്ടെയ്ൻമെന്റ് സോണുകളിൽ ബലിപ്പെരുന്നാൾ പ്രാർഥനകള്‍ അനുവദിക്കില്ല

കൊച്ചിയിൽ‌ കണ്ടെയ്ൻമെന്റ് സോണുകളിൽ ബലിപ്പെരുന്നാൾ പ്രാർഥനകള്‍ അനുവദിക്കില്ല

എറണാകുളം ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകളായി നിശ്ചയിച്ചിട്ടുള്ള ഇടങ്ങളിൽ ബലിപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള പ്രാർഥനകളോ കൂടിച്ചേരലുകളോ അനുവദിക്കില്ലെന്നു മന്ത്രി വി.എസ്.സുനിൽകുമാർ. മറ്റു സ്ഥലങ്ങളിൽ സംസ്ഥാന സർക്കാർ പുറത്തിറക്കിയിട്ടുള്ള മാർഗനിർദേശങ്ങൾ പാലിക്കണം. കണ്ടെയ്ൻമെന്റ് സോണുകളിൽ ഇന്നും നാളെയും വൈകിട്ട് 5 വരെ അവശ്യവസ്തുക്കൾ ലഭ്യമാക്കുന്ന സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം.

ആലുവ ക്ലസ്റ്ററിൽ കർഫ്യൂ തുടരാനാണു തീരുമാനം. ഇപ്പോൾ ഏറ്റവും കൂടുതൽ ആശങ്ക നിലനിൽക്കുന്നത് ഫോർട്ട്കൊച്ചി മേഖലയിലാണ്. ഉച്ചയ്ക്ക് ഒരു മണിക്കു ശേഷം ഇവിടെ കട തുറക്കാൻ സമ്മതിക്കില്ല. ഏറ്റവും കൂടുതൽ ആളുകൾ തിങ്ങിപ്പാർക്കുന്നതിനാലാണ് കർശന നിലപാട് എടുത്തത്. ഇവിടെ മാത്രം 54 കേസുകൾ റിപ്പോർട്ട് ചെയ്തു. ബാക്കി ക്ലസ്റ്ററുകളെ സംബന്ധിച്ച് വിശദചർച്ച നടത്തി ഏതെങ്കിലും ഒരു കണ്ടെയ്ൻമെന്റ് സോണിൽ ഇളവു നൽകണോ എന്ന് പരിശോധിച്ച് അറിയിപ്പു നൽകും.

ജില്ലയിൽ ഇതുവരെ 1782 പേർക്കാണു കോവിഡ് പോസിറ്റീവായത്. 754 പേരാണു ചികിത്സയിലുള്ളത്. 10 പേർ ജില്ലയിൽ രോഗം ബാധിച്ചു മരിച്ചു. 1018 പേർക്ക് നെഗറ്റീവായി. ജില്ലയിൽ 10 മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളും നാല് ലാർജ് ക്ലസ്റ്ററുകളുമാണുള്ളത്. 10 പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയാണ് ഇവിടെ പാർപ്പിച്ചിരിക്കുന്നത്. രോഗം ബാധിച്ച 75 ശതമാനം പേരും 10 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവരാണ്.

Related post