ഇന്നലെ എറണാകുളത്തു നിന്നു പരിശോധനയ്ക്ക് അയച്ചത് 25 സാംപിൾ

ഇന്നലെ എറണാകുളത്തു നിന്നു പരിശോധനയ്ക്ക് അയച്ചത് 25 സാംപിൾ

കോവിഡ് 19 (കൊറോണ വൈറസ് ബാധ) സംശയിച്ച് ഇന്നലെ ജില്ലയിൽ നിന്ന് ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത് 25 സാംപിളുകൾ. പരിശോധന ഫലം ഇന്നു ലഭ്യമാകുമെന്നു പ്രതീക്ഷിക്കുന്നു. ഫെബ്രുവരി 10നു ശേഷം കൊറോണ ബാധിത രാജ്യങ്ങൾ സന്ദർശിച്ചവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് അധികൃതർ നിർദേശിച്ചു. പനി, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങളുള്ളവർക്കു കൊറോണ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ചരിത്രമോ അങ്ങനെയുള്ളവരുമായി സമ്പർക്കമോ ഉണ്ടായിട്ടുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ അറിയിക്കണം.  ജില്ലയിൽ രോഗം സ്ഥിരീകരിച്ച കുട്ടി യാത്ര ചെയ്തിരുന്ന ഇകെ 530 ദുബായ്– കൊച്ചി വിമാനത്തിൽ യാത്ര ചെയ്തിരുന്നവർ 28 ദിവസം മറ്റുള്ളവരുമായി സമ്പർക്കമില്ലാതെ വീടുകളിൽ കഴിയണം.

ചികിത്സയ്ക്കു വേണ്ടി പോലും ആരോഗ്യ വകുപ്പിന്റെ നിർദേശമില്ലാതെ ഇവർ വീടുകളിൽ നിന്നു പുറത്തു പോകരുതെന്ന് കർശന നിർദേശം. എന്തെങ്കിലും രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ജില്ലാ കൺട്രോൾ റൂമിൽ അറിയിക്കണം. കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്നു വരുന്നവർ പൊതു പരിപാടികളിലും ഉത്സവങ്ങളിലും ആരാധനകളിലും പങ്കെടുക്കരുത്.  ആശുപത്രിയിൽ ഐസലേഷൻ കഴിഞ്ഞവർ പരിശോധന ഫലം നെഗറ്റീവ് ആണെങ്കിലും 28 ദിവസം പൂർത്തിയാകുന്നതു വരെ നിരീക്ഷണത്തിൽ തുടരണം.

Related post