കൊറോണ: എറണാകുളം ജില്ലയിലെ ടൂറിസം മേഖലയ്ക്ക് ജാഗ്രതാ നിർദേശം

കൊറോണ: എറണാകുളം ജില്ലയിലെ ടൂറിസം മേഖലയ്ക്ക് ജാഗ്രതാ നിർദേശം

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലെ ടൂറിസം മേഖലയ്ക്ക് ജാഗ്രതാ നിർദേശം. ജില്ലാ കലക്ടർ എസ്.സുഹാസാണ് ബന്ധപ്പെട്ട സ്ഥാപനങ്ങൾ ജാഗ്രത പുലർത്തണമെന്ന നിർദേശം നൽകിയിരിക്കുന്നത്. കലക്ടറേറ്റിൽ വിളിച്ചു ചേർത്ത യോഗത്തിൽ ഹോട്ടൽ ആൻഡ് റസ്റ്ററന്റ്സ് ഉടമകൾ, അസോസിയേഷൻ പ്രതിനിധികൾ, ഹോം സ്റ്റേകൾ, ടൂർ ഓപ്പറേറ്റർമാർ, കെടിഡിസി, ഡിടിപിസി, ഇന്ത്യ ടൂറിസം, കേരള ടൂറിസം, കേരള ട്രാവൽ മാർട്, ഇൻഫോപാർക്ക്, അമ്യൂസ്മെന്റ് പാർക്കുകൾ തുടങ്ങിയവയുടെ പ്രതിനിധികൾ പങ്കെടുത്തു.

വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും രോഗബാധിതരെ കണ്ടെത്താൻ സ്ക്രീനിങ് സംവിധാനം ഏർപ്പെടുത്തി. സംശയാസ്പദമായ സാഹചര്യത്തിൽ ആരെങ്കിലും എത്തിയാൽ ബന്ധപ്പെട്ടവർ ആരോഗ്യവകുപ്പിനെ വിവരമറിയിക്കണം. ഇത്തരത്തിലുള്ളവർ മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടാതെ സൂക്ഷിക്കണം. നിരീക്ഷിക്കാനായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ സ്ക്വാഡിന്റെ സഹായം തേടാവുന്നതാണെന്നും കലക്ടർ അറിയിച്ചു.

യാത്ര തുടങ്ങിയ ദിവസം മുതൽ 28 ദിവസം വരെയാണ് ഒരാൾ സൂക്ഷിക്കേണ്ടത്. ടൂറിസ്റ്റുകളുമായി സഹകരിച്ചു വേണം നിരീക്ഷണം നടത്തുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടത്. ആരെയും ഭയപ്പെടുത്താതെ ആവശ്യമായ മാർഗനിർദേശങ്ങൾ നൽകണമെന്നും കലക്ടർ നിർദേശിച്ചു.

Related post