കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സംഘം കൊച്ചിയിൽ

കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സംഘം കൊച്ചിയിൽ

കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ വിലയിരുത്തലുകൾക്കായി നിയോഗിക്കപ്പെട്ട കേന്ദ്ര സംഘം കൊച്ചിയിൽ. രാവിലെ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ സംഘം കൊച്ചിയിലെ സുരക്ഷാ സംവിധാനങ്ങൾ പരിശോധിച്ച് തൃപ്തി രേഖപ്പെടുത്തി. വിദേശത്തു നിന്നെത്തുന്നവരെ പരിശോധിക്കുന്നതിനായി ഒരുക്കിയ സംവിധാനങ്ങളും സ്ക്രീനിങ്ങിനു വിധേയമാക്കിയ 178 പേരുടെ വിവരങ്ങളും സംഘം പരിശോധിച്ചു. തുടർന്ന് കളമശേരി മെഡിക്കൽ കോളജിലെത്തിയ സംഘം അവിടെ ഒരുക്കിയ സൗകര്യങ്ങളും പരിശോധിച്ചു.

കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഡോക്ടർമാരുടെ സംഘത്തെ പരിശോധനകൾക്കായി നിയോഗിച്ചിരിക്കുന്നത്. ഡൽഹി ലേഡി ഹാർഡിങ് മെഡിക്കൽ കോളജിൽ നിന്നുള്ള പൽമനോണജിസ്റ്റ് ഡോ.പുഷ്പേന്ദ്ര കുമാർ വർമ, ഡൽഹി സഫ്ദർജങ് മെഡിക്കൽ കോളജിൽ ഇന്റേണൽ മെഡിസിൻ സ്പെഷലിസ്റ്റ് ഡോ. രമേഷ് ചന്ദ്രമീണ, കോഴിക്കോട് നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡപ്യൂട്ടി ഡയറക്ടർ ഡോ. ഷൗക്കത്താലി, ഡോ. ഹംസക്കോയ, ഡോ. റാഫേൽ ടെഡ്ഡി തുടങ്ങിയവരാണ് സംഘത്തിലുള്ളത്.

അതേസമയം, മെഡിക്കൽ കോളജിൽ പ്രത്യേക വാർഡിൽ കഴിഞ്ഞിരുന്ന പെരുമ്പാവൂർ സ്വദേശിക്ക് കൊറോണ ഇല്ലെന്നു തെളിഞ്ഞത് ആശ്വാസ വാർത്തയായി. ഇദ്ദേഹത്തിന് എച്ച്1എൻ1 രോഗബാധയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ, കൊറോണ വൈറസ് ഭീതിലായ ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നുള്ള 25 മലയാളി മെഡിക്കൽ വിദ്യാർഥികൾ നാട്ടിലെത്തി. മെഡിക്കൽ പരിശോധനകൾ പൂർത്തീകരിച്ചാണ് നാട്ടിലേക്ക് അയച്ചതെന്ന് സംഘത്തിലുള്ള കൂത്താട്ടുകുളം സ്വദേശി ഡോ. ജീവൻ ജയപ്രകാശ് പറഞ്ഞു.

Related post