എറണാകുളം ജില്ലയിൽ 1091 പേർ നിരീക്ഷണത്തിൽ

എറണാകുളം ജില്ലയിൽ 1091 പേർ നിരീക്ഷണത്തിൽ

കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ 1091 പേർ നിരീക്ഷണത്തിൽ. 23 പേർ ആശുപത്രികളിലും 1068 പേർ വീടുകളിലുമാണു നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്നലെ 74 പേരെ കൂടി നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തി. കളമശേരി മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡിൽ 16 പേരും മൂവാറ്റുപുഴയിൽ 7 പേരും നിരീക്ഷണത്തിലുണ്ട്. കളമശേരിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന 2 പേരെ വീട്ടിൽ നിരീക്ഷണത്തിനായി മാറ്റി. 4 പേരെ പുതിയതായി ഐസലേഷൻ വാർ‌ഡിൽ പ്രവേശിപ്പിച്ചു. 22 സാംപിളുകൾ ഇന്നലെ പരിശോധനയ്ക്കായി അയച്ചു. നേരത്തേ ഫലമറിഞ്ഞ 15 സാംപിളുകൾ നെഗറ്റീവായിരുന്നു.

നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ കൂടുതൽ‌ യാത്രക്കാരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. 242 പേരോടാണു വീടുകളിൽ നിർബന്ധമായും നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചത്. ഇവരിൽ നിന്നു സത്യവാങ്മൂലവും എഴുതി വാങ്ങിയിട്ടുണ്ട്. വിദേശത്തു നിന്നു വരുന്ന മുഴുവൻ പേരും പറ്റുമെങ്കിൽ 14 ദിവസത്തേക്കു വീടുകളിൽ കഴിയാൻ ശ്രമിക്കണമെന്ന നിർദേശവും അധികൃതർ നൽകുന്നു. 37 വിമാനങ്ങളിലെ 1977 ആഭ്യന്തര യാത്രക്കാരെ പരിശോധിച്ചതിൽ 94 പേരോടു വീടുകളിലും 2 പേരോടു ആശുപത്രിയിലും നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചു.

ആഭ്യന്തര യാത്രക്കാരായ 16 വിദേശികളെ ഇവിടെ നിരീക്ഷണത്തിൽ കഴിയാൻ താൽപര്യമില്ലാത്തതിനാൽ മടക്കി അയച്ചു. രാജ്യാന്തര ടെർമിനലിൽ പരിശോധിച്ച 2743 യാത്രക്കാരിൽ  84 പേരെ തുടർ പരിശോധനകൾക്കായി ആശുപത്രിയിലേക്കു മാറ്റി. ഇവരിൽ 82 പേരെ വീടുകളിൽ നിരീക്ഷണത്തിന് അയച്ചു. രോഗബാധിത രാജ്യങ്ങളിൽ നിന്നെത്തിയ രോഗലക്ഷണങ്ങളില്ലാത്ത 64 പേരെ നേരിട്ടു വീടുകളിൽ നിരീക്ഷണത്തിന് അയച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർ‌കോട്, പാലക്കാട് തുടങ്ങിയ ജില്ലകളിൽ നിന്നുള്ള യാത്രക്കാരെ ആംബുലൻസുകളിലാണു വീടുകളിലേക്ക് അയച്ചത്.

Related post