കൊച്ചിയിൽ അഞ്ചു പേർക്ക് കോവിഡ്; രോഗം മൂന്നാർ സന്ദർശിച്ച വിദേശികൾക്ക്

കൊച്ചിയിൽ അഞ്ചു പേർക്ക് കോവിഡ്; രോഗം മൂന്നാർ സന്ദർശിച്ച വിദേശികൾക്ക്

എറണാകുളം ജില്ലയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന അഞ്ചു പേരിൽ കൂടി കോവിഡ് സ്ഥിരീകരിച്ചതായി മന്ത്രി വി.എസ്. സുനിൽ കുമാർ. യുകെയിൽ നിന്നെത്തി മൂന്നാർ സന്ദർശിച്ച് മടങ്ങുന്നതിന് എത്തിയപ്പോൾ നിരീക്ഷണത്തിലാക്കിയ ടൂറിസ്റ്റ് സംഘത്തിലെ അഞ്ചു പേരുടെ സാംപിളുകളാണ് പോസിറ്റീവായി കണ്ടെത്തിയിരിക്കുന്നത്. ഇവരിൽ 17 പേരുടെ സാംപിൾ അയച്ചതിൽ 12 പേർക്ക് രോഗമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. പോസിറ്റീവ് ഫലമുള്ള അഞ്ചു പേരേയും നേരത്തേ ഐസൊലേഷനിലാക്കിയിരുന്ന യുകെ സ്വദേശിയുടെ ഭാര്യയെയും ഇന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസലേഷൻ വാർഡിലേയ്ക്കു മാറ്റി. 

രോഗം സ്ഥിരീകരിച്ചവരെല്ലാം 60 മുതൽ 80 വയസു വരെ പ്രായമുള്ളവരാണ്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്. അതേ സമയം രോഗമില്ലെന്നു വ്യക്തമായവർക്കു യാത്രാ രേഖകൾ ശരിയാക്കി നാട്ടിലേയ്ക്കു മടങ്ങുന്നതിനു തടസമില്ല. പോസിറ്റീവായി ഇപ്പോൾ കണ്ടെത്തിയിട്ടുള്ളവർ നേരത്തേ ട്രാക്ക് ചെയ്ത് നിരീക്ഷണത്തിലാക്കിയിരുന്നവരാണ്. ഇവരുടെ സഞ്ചാര പഥങ്ങളും ട്രാക് ചെയ്തിരുന്നു. ഇവരുടെയെല്ലാം പ്രാഥമിക ബന്ധങ്ങളും കണ്ടെത്തിയതാണ്. അതുകൊണ്ടു തന്നെ ആശങ്കയ്ക്ക് വകയില്ലെന്നു മന്ത്രി അറിയിച്ചു. 

Related post