സമൂഹ വ്യാപനഭീതിയില്‍ കൊച്ചി, ട്രിപ്പിള്‍ ലോക്ഡൗണ്‍ വേണ്ടെന്ന് കലക്ടര്‍

സമൂഹ വ്യാപനഭീതിയില്‍ കൊച്ചി, ട്രിപ്പിള്‍ ലോക്ഡൗണ്‍ വേണ്ടെന്ന് കലക്ടര്‍

ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ സമൂഹവ്യാപന ഭീഷണിയില്‍ എറണാകുളവും. കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച കൊച്ചി നഗരസഭയിലെ അഞ്ചു ഡിവിഷനുകള്‍ പൂര്‍ണമായും അടച്ചു. പറവൂര്‍, തൃക്കാക്കര നഗരസഭകളിലെയും കടുങ്ങല്ലൂര്‍ പഞ്ചായത്തിലെയും കണ്ടെയ്‌ന്‍മെന്റ് സോണുകളില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ജില്ലാ ഭരണകൂടം കര്‍ശന നടപടി തുടങ്ങി.

കൊച്ചിയില്‍ കോവിഡ് സമൂഹവ്യാപനം ഇല്ലെന്ന് കലക്ടര്‍ വ്യക്തമാക്കി. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഇല്ല. രോഗലക്ഷണമുള്ളവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തും. സാമൂഹിക അകലം പാലിക്കാത്ത വ്യാപാരസ്ഥാപനങ്ങള്‍ക്കെതിെര നടപടി ഉണ്ടാകുമെന്നും കലക്ടര്‍ പറഞ്ഞു.

പനമ്പള്ളി നഗറിനു പുറമെ ഗിരിനഗര്‍,  ‍പാലാരിവട്ടം നോര്‍ത്ത്, കാരണക്കോടം, ചക്കരപ്പറമ്പ് എന്നിവിടങ്ങളാണ് നഗരസഭയിലെ മറ്റു കണ്ടെയ്‌ന്‍മെന്റ് സോണുകള്‍. പ്രധാന വഴികളും ഇടറോഡുകളും പുലര്‍ച്ചയോടെ തന്നെ  പൊലീസ് കയറുകെട്ടി അടച്ചു. അവശ്യസര്‍വീസുകള്‍ക്കു പുറത്തേക്കു പോകാനും തിരിച്ചുവരാനും ഒരു എക്സിറ്റ് പോയിന്റ് മാത്രമാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രഖ്യാപനം അറിയാതെ രാവിലെ പുറത്തിറങ്ങിയവരെ പോലീസ് മടക്കി അയച്ചു.

പറവൂര്‍ നഗരസഭയിലെ എട്ടാം ഡിവിഷനും, തൃക്കാക്കര നഗരസഭയിലെ ഇരുപത്തിയെട്ടാം ഡിവിഷനും കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡും അടച്ചു. ഇവിടങ്ങളില്‍ കൂടുതല്‍ പൊലീസുകാരെത്തി. നഗരത്തിലേത് ഉള്‍പ്പെടെ ഏഴു സ്വകാര്യ–സഹകരണ ആശുപത്രികളിലുള്ള ജീവനക്കാരില്‍ പലരും നിരീക്ഷണത്തിലാണ്.

English Summary: Kochi, Triple Lockdown: The fear of social spread

Related post