ജില്ലയിൽ കോവിഡ് ബാധിച്ച് ഇന്നലെ 2 പേർ മരിച്ചു

ജില്ലയിൽ കോവിഡ് ബാധിച്ച് ഇന്നലെ 2 പേർ മരിച്ചു

കോവിഡ് ബാധിച്ച് ജില്ലയിൽ ഇന്നലെ ആരോഗ്യ പ്രവർത്തകൻ ഉൾപ്പെടെ 2 പേർ മരിച്ചു. ആലുവ ജില്ലാ ആശുപത്രിയിലെ മോർച്ചറി അറ്റൻഡർ ചൂർണിക്കര കുന്നത്തേരി മോളത്തുപറമ്പ് പനംപറമ്പിൽ പി.എൻ. സദാനന്ദൻ (57), വടക്കേക്കര കൊട്ടുവള്ളിക്കാട് തറയിൽ ജീവന്റെ ഭാര്യ വൃന്ദാകുമാരി (54) എന്നിവരാണ് കളമശേരി മെഡിക്കൽ കോളജിൽ മരിച്ചത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആരോഗ്യ പ്രവർത്തകൻ മരിക്കുന്നത് ആദ്യമാണ്. ആരോഗ്യ വകുപ്പിൽ 17 വർഷത്തെ സേവനത്തിനു ശേഷം 2019 ജനുവരി 31ന് സദാനന്ദൻ ജില്ലാ ആശുപത്രിയിൽ നിന്നു വിരമിച്ചിരുന്നു.

തുടർന്നു സദാനന്ദനു മോർച്ചറി അറ്റൻഡർ ആയി താൽക്കാലിക നിയമനം നൽകി. കോവിഡ് ബാധിച്ചു മരിച്ച പലരുടെയും മൃതദേഹങ്ങൾ ജില്ല ആശുപത്രിയിലാണു സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്നാകാം വൈറസ് ബാധയെന്നു കരുതുന്നു. കഴിഞ്ഞ ഒന്നിനാണ് കോവിഡ് പോസിറ്റീവായി സദാനന്ദനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. 7ന് ഐസിയുവിലേക്കു മാറ്റി. 11ന് വെന്റിലേറ്ററിലാക്കി.  ഹൃദ്രോഗവും രക്ത സമ്മർദവും പ്രമേഹവും ഉണ്ടായിരുന്നെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഷീല (അങ്കണവാടി അധ്യാപിക). മകൻ: ആരോമൽ (വിദ്യാർഥി). ഭാര്യയും മകനും കോവിഡ് പോസിറ്റീവായിരുന്നെങ്കിലും പിന്നീടു മുക്തരായി.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കാൻസർ ചികിത്സയിൽ കഴിയുമ്പാഴാണ് വൃന്ദാകുമാരിയെ കോവിഡ് പോസിറ്റീവായി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. മൃതദേഹം സംസ്കരിക്കാൻ തോന്ന്യകാവ് ശ്മശാന ജീവനക്കാർ തയാറാകാത്തതിനാൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസിന്റെയും എമർജൻസി റസ്പോൺസ് ടീം കൺവീനർ കെ.എസ്. സനീഷിന്റെയും നേതൃത്വത്തിലാണ് ചടങ്ങു നിർവഹിച്ചത്. മകൾ: മൃദുല, മരുമകൻ: അരുൺ.

Related post