തിങ്കളാഴ്ച അർധരാത്രി മുതൽ കേരളം പൂർണമായി ലോക്ഡൗൺ

തിങ്കളാഴ്ച അർധരാത്രി മുതൽ കേരളം പൂർണമായി ലോക്ഡൗൺ

കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേരളം പൂർണമായി ലോക്ഡൗൺ ആയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അസാധാരണമായ സാഹചര്യത്തിലേക്കു സംസ്ഥാനം പോകുകയാണ്. തിങ്കളാഴ്ച അർധരാത്രി മുതൽ തീരുമാനം പ്രാബല്യത്തിലാകും. മാർച്ച് 31വരെയാണ് ലോക്ഡൗൺ. തുടർന്ന് എന്തുവേണമെന്ന് പിന്നീട് തീരുമാനിക്കും.

അവശ്യസാധനങ്ങൾ, മരുന്നുകൾ എന്നിവ ഉറപ്പാക്കും. സംസ്ഥാന അതിർത്തി അടയ്ക്കും. പൊതുഗതാഗതം ഉണ്ടാകില്ല. റസ്റ്ററന്റുകൾ അടയ്ക്കുമെങ്കിലും ഹോം ഡെലിവറി സംവിധാനങ്ങൾ ഉണ്ടാകും. പെട്രോൾ പമ്പ്, ആശുപത്രികൾ എന്നിവ പ്രവർത്തിക്കും. സർക്കാർ ഓഫിസുകൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മെഡിക്കൽ ഷോപ്പുകൾ ഒഴികെ മറ്റെല്ലാ കടകളും അടയ്ക്കും.

ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. സാധനങ്ങൾ വാങ്ങാന്‍ ഇറങ്ങുമ്പോൾ ശാരീരിക അകലം പാലിക്കണം. കാസർകോട് കൂടുതൽ കർശന നടപടികൾ സ്വീകരിക്കും. അനാവശ്യമായി ആരും പുറത്തിറങ്ങരുത്. ഇറങ്ങിയാൽ അറസ്റ്റ് ഉണ്ടാകും. കനത്ത പിഴയും ചുമത്തും. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്ക് 14 ദിവസത്തെ നിരീക്ഷണം നിർബന്ധമാക്കിയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Related post