എറണാകുളത്ത് കോവിഡ് ബാധിക്കുന്നവരുടെ എണ്ണം സംസ്ഥാന ശരാശരിയേക്കാൾ കൂടുതൽ

എറണാകുളത്ത് കോവിഡ് ബാധിക്കുന്നവരുടെ എണ്ണം സംസ്ഥാന ശരാശരിയേക്കാൾ കൂടുതൽ

ജില്ലയിൽ സമ്പർക്കത്തിലൂടെ കോവിഡ് 19 ബാധിക്കുന്നവരുടെ എണ്ണം സംസ്ഥാന ശരാശരിയേക്കാൾ കൂടുതൽ. സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ചവരിൽ 22.6% പേർക്കാണു സമ്പർക്കത്തിലൂടെ ബാധിച്ചത്.  എന്നാൽ, ജില്ലയിൽ ഇത് 35 ശതമാനമാണ്. ചെല്ലാനം, ആലുവ, കീഴ്മാട് എന്നീ മേഖലകളിലാണു സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചവർ കൂടുതൽ.

പുറത്തു നിന്നു വരുന്നവരും പ്രാദേശിക സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരും തമ്മിലുള്ള അനുപാത നിരക്കും ജില്ലയിൽ കൂടുതലാണ്. 1.84 : 1 ആണ് അനുപാത നിരക്ക്. അതായത് പുറത്തു നിന്നു വരുന്ന 2 പേർക്ക് (യഥാർഥത്തിൽ 1.84) കോവിഡ് സ്ഥിരീകരിക്കുമ്പോൾ പ്രാദേശിക സമ്പർക്കത്തിലൂടെ ഒരാൾക്കു രോഗം സ്ഥിരീകരിക്കുന്നു. സംസ്ഥാന തലത്തിൽ ഈ അനുപാത നിരക്ക് 3.4 : 1 ആണ്.

ജില്ലയിൽ ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചത് 15 പേർക്ക്. ഇതിൽ 5 പേർക്കാണു സമ്പർക്കം വഴി രോഗബാധ. ഒരാളുടെ ഉറവിടം വ്യക്തമല്ല. 9 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഒരാൾ വിദേശത്തു നിന്നും വന്നതാണ്.  ഇന്നലെ സ്ഥിരീകരിച്ചവരിൽ 8 പേർ മറ്റു സംസ്ഥാനക്കാരും കപ്പൽ ജീവനക്കാരുമാണ്. 12 പേർ രോഗമുക്തി നേടി. 333 പേരാണു നിലവിൽ കോവിഡ് ബാധിച്ചു ചികിത്സയിലുള്ളത്. 13294 പേരാണു ജില്ലയിൽ നിരീക്ഷണത്തിലുള്ളത്.

English Summary: The number of covid 19 surgers in Ernakulam is higher than the state average

Related post