ഇല്ലാത്ത ക്രെഡിറ്റ് കാർഡിന് പണം അടയ്ക്കാൻ ആവശ്യപ്പെട്ട് ബാങ്ക്

ഇല്ലാത്ത ക്രെഡിറ്റ് കാർഡിന് പണം അടയ്ക്കാൻ ആവശ്യപ്പെട്ട് ബാങ്ക്

കയ്യിൽ കിട്ടിയിട്ടുപോലുമില്ലാത്ത ക്രെഡിറ്റ് കാർഡിനു പണം അടയ്ക്കാൻ ആവശ്യപ്പെട്ട് ബാങ്ക്. എടവനക്കാട് സ്വദേശി സി.എസ്.മുഹമ്മദ് റാഫിക്കാണു ലഭിച്ചിട്ടില്ലാത്ത എസ് ബി ഐ പെട്രോകാർഡ് ഉപയോഗിച്ചുവെന്നു കാണിച്ച് എസ് എം എസ് സന്ദേശം ലഭിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് കാർഡിനായി അപേക്ഷ നൽകിയത്.

ഇതിന്റെ നടപടിക്രമങ്ങൾ നടക്കുകയാണെന്ന് അറിയിച്ചുകൊണ്ട് പിന്നീട് സന്ദേശം ലഭിച്ചിരുന്നു. അപേക്ഷിച്ചിരുന്ന മേൽവിലാസത്തിൽ കാർഡ് എത്തിക്കാൻ കഴിഞ്ഞില്ലെന്ന് അറിയിച്ചു കൊണ്ട് കഴിഞ്ഞ മാസം മറ്റൊരു സന്ദേശവും ലഭിച്ചു. പിന്നീട് കാർഡ് എത്തിയതുമില്ല. ഇതിനിടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വകയിൽ 600 രൂപയോളം അടയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു കഴിഞ്ഞ മാസം സന്ദേശം എത്തി. തുടർന്നു ബന്ധപ്പെട്ട് നമ്പറിൽ വിളിച്ച് കാർഡ് ലഭിച്ചിട്ടില്ലെന്നതടക്കമുള്ള കാര്യങ്ങൾ മുഹമ്മദ് റാഫി അറിയിക്കുകയും ചെയ്തു എന്നാൽ കാർഡ് ഉപയോഗിച്ച് വകയിൽ ആയിരത്തോളം രൂപ കൂടി അടക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശമാണു പിന്നീടു ലഭിച്ചത്.

ഇത്തരം സന്ദേശങ്ങൾ പലർക്കും ലഭിക്കുന്നതായും നിയമനടപടികൾ ഭയന്നു ചിലർ പണം അടച്ചതായും അന്വേഷണത്തിൽ വ്യക്തമാകുകയും ചെയ്തു. നൽകാത്ത കാർഡിന് പണം അടക്കാൻ ആവശ്യപ്പെടുന്നതായി ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട ഏജൻസികൾക്കു പരാതി നൽകാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം.

Related post