
കൊച്ചി ഇൻഫോപാർക്ക് പരിസരത്ത് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള 4 അതിക്രമങ്ങളാണ് ഇന്‍ഫോപാര്‍ക്കിന്റെ പരിസരത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്‍ഫോപാര്‍ക്കിനും സ്മാര്‍ട്ട് സിറ്റിക്കും മുന്നിലെ പ്രധാന റോഡിലൂടെ കാര്‍ണിവല്‍ ഇന്‍ഫോപാര്‍ക്കിലേക്കുള്ള യാത്രക്കിടയില്‍ പോലും നഗ്നതാ പ്രദര്‍ശനവും ശാരീരിക അക്രമങ്ങളും നിത്യ സംഭവമാകുകയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച (ജനുവരി 3)നു വൈകുന്നേരമാണ് ഇന്‍ഫോപാര്‍ക്കിലെ ഒരു കമ്പനിയില്‍ നിന്നും ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്നതിനായി ഒരു ഐടി ജീവനക്കാരിയായ യുവതി ഇന്‍ഫോപാര്‍ക്കില്‍ ഓട്ടം വന്നു തിരിച്ചു പോവുകയായിരുന്ന ഒരു ഓട്ടോറിക്ഷയില്‍ കയറിയത്. സ്വന്തം കമ്പനിയുടെ കവാടത്തില്‍ നിന്നാണ് യുവതി ഓട്ടോ കയറിയത്. എന്നാല്‍ പാതി വഴിയെത്തിയപ്പോള്‍ സ്ഥിരം പോകുന്ന വഴിയില്‍ നിന്നും മാറി കാട് മൂടിയ ഇടവഴിയിലേക്ക് ഡ്രൈവര്‍ വണ്ടി തിരിച്ചു. ഇത് കണ്ടു ഭയന്ന യുവതി വണ്ടി നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടെങ്കിലും ഓട്ടോ ഡ്രൈവര്‍ അനുസരിച്ചില്ല. തുടര്‍ന്ന് ഓട്ടോയില്‍ നിന്ന് എടുത്തു ചാടിയ യുവതിക്ക് സാരമായ പരിക്കേറ്റു ചികിത്സയിലാണ്. യുവതി ചാടിയപ്പോഴേക്കും ഡ്രൈവര്‍ വണ്ടിയുമായി സ്ഥലം വിടുകയും ചെയ്തു
കഴിഞ്ഞ ദിവസം നഗ്നതാ പ്രദര്‍ശനം നടത്തിയ ഒരാളെ, ഇന്‍ഫോപാര്‍ക്ക് മെയിന്‍ ഗേറ്റ് ഗാര്‍ഡില്‍ ഉള്ള പോലീസുകാര്‍ പിടിക്കുകയും, ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു.
ഇതില്‍ നിര്‍ഭാഗ്യകരമായ കാര്യം; മേല്‍ പറഞ്ഞ ഒരു സംഭവത്തിലും കുറ്റവാളികളെ പിടിക്കാനുതകുന്ന യാതൊരു തെളിവും ഇല്ല എന്നതാണ്. ഇന്ഫോപാര്ക്കിനു വെളിയില്‍ പലയിടത്തും കാമറകള്‍ ഇല്ല. ഉള്ളത് പലതും പ്രവര്‍ത്തന രഹിതവുമാണ്. ഇന്ഫോപാര്ക്കിനകത്തുള്ള സിസിടിവി കാമറകകളില് പതിഞ്ഞ ദൃശ്യങ്ങള്‍ വ്യക്തവുമല്ല.
ഇന്‍ഫോപാര്‍ക്കും പരിസരവും സിസിടിവി നിരീക്ഷണത്തില്‍ കൊണ്ടുവരികയെന്ന ആവശ്യം പ്രതിധ്വനി വിവിധ തലങ്ങളില്‍ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഇതിന്മേല് കൈകൊള്ളാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. വനിതകള്‍ ഉള്‍പ്പടെ അമ്പതിനായിരത്തിലധികം ആളുകള്‍ ജോലി ചെയ്യുന്ന, ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തി സമയമായ ഇന്‍ഫോപാര്‍ക്ക് പോലെയുള്ള വ്യവസായ മേഖലയില്‍ പോലും സ്ത്രീകള്‍ക്ക് സുരക്ഷ നല്കുവാന് നമ്മുടെ സംവിധാനങ്ങള്‍ക്ക് സാധിക്കുന്നില്ല എന്നത് വളരെ സങ്കടകരമായ കാര്യമാണ്. എത്രയും പെട്ടെന്ന് ഈ വിഷയത്തില്‍ ഒരു പരിഹാരം കണ്ടെത്തണമെന്ന് കേരളത്തിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി അഭ്യര്‍ത്ഥിക്കുന്നു.
ഇൻഫോപാർക്ക് പരിസരവും സിസിടിവി നിരീക്ഷണത്തിൽ കൊണ്ടുവരിക, പോലീസ് പട്രോളിംഗ് ശക്തമാക്കുക, സ്ട്രീറ്റ് ലൈറ്റുകൾ പ്രവർത്തന സജ്ജമാക്കുക, കാടുമൂടിക്കിടക്കുന്ന ഇടങ്ങൾ വൃത്തിയാക്കുക ഇവയാണ് ഇപ്പോൾ പ്രായോഗികമായ നിർദ്ദേശങ്ങൾ.