കാന നിർമാണത്തിനു വേണ്ടി തണൽ മരങ്ങൾ മുറിച്ചു നീക്കുന്നു

കാന നിർമാണത്തിനു വേണ്ടി തണൽ മരങ്ങൾ മുറിച്ചു നീക്കുന്നു

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനു സമീപമുള്ള തണൽ മരങ്ങൾ മുറിച്ചു നീക്കുന്നു. റോ‍ഡരികിലെ കാന നിർമാണത്തിനു വേണ്ടിയാണു മരങ്ങൾ മുറിക്കുന്നത്. എന്നാൽ, മരങ്ങൾ നിൽക്കുന്ന സ്ഥലത്തു കൂടെത്തന്നെ കാന നിർമിക്കണമെന്ന് അധികൃതർ നിർബന്ധം പിടിക്കുകയാണെന്നു സമീപവാസികൾ പറയുന്നു. മുറിച്ചു നീക്കിയ മരങ്ങൾക്കു പകരം പുതിയ തണൽ മരങ്ങൾ നടുമെന്നു ദേവൻകുളങ്ങര കൗൺസിലർ വിജയകുമാർ പറഞ്ഞു. ചങ്ങമ്പുഴ പാർക്കിനോടു ചേർന്ന് ഇടപ്പള്ളി രാഘവൻപിള്ള റോഡിലെ 7 മരങ്ങളാണു മുറിച്ചു നീക്കുന്നത്. ഇതിനകം 4 മരങ്ങൾ മുറിച്ചു.

ഇതിൽ ഭൂരിഭാഗവും വാക പോലുളള മഴ മരങ്ങളാണ്. അപകട ഭീഷണി നിലനിൽക്കുന്നതിനാൽ ഇതിൽ ചില മരങ്ങൾ മുറിച്ചു നീക്കണമെന്നു സമീപത്തെ വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അതിനൊപ്പം നല്ല മരങ്ങൾ കൂടി മുറിച്ചു നീക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നു വ്യാപാരിയായ രഘുനാഥ് പറഞ്ഞു. വെള്ളക്കെട്ട് പതിവായ സാഹചര്യത്തിൽ ഓപ്പറേഷൻ  ബ്രേക്ക്ത്രൂ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇവിടെ കാന നിർമിക്കുന്നത്. 40 ലക്ഷം രൂപയാണു കാന നിർമാണത്തിനു വകയിരുത്തിയിട്ടുള്ളത്. മരങ്ങൾ മുറിച്ചു നീക്കി മാത്രമേ കാന നിർമിക്കാനാകൂവെന്നു കൗൺസിലർ വിജയകുമാർ പറഞ്ഞു. ഒരു മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാവും.

അതിനുശേഷം പൊതുമരാമത്തു വകുപ്പ്, സാമൂഹിക വനവൽക്കരണ വിഭാഗം എന്നിവയുമായി ആലോചിച്ച് അധികം ഉയരം വയ്ക്കാത്ത തണൽ മരങ്ങൾ നടും.റോഡരികിലെ മുഴുവൻ മരങ്ങളും മുറിച്ചു മാറ്റുന്നതു ചങ്ങമ്പുഴ പാർക്കിനോടു ചേർന്ന ഈ ഭാഗത്തെ തണൽ പൂർണമായി ഇല്ലാതാക്കുമെന്നു പരിസരവാസികൾ പറയുന്നു. കാന പണിതതുകൊണ്ടു മാത്രം വെള്ളക്കെട്ടു മാറില്ല. ഇവിടെനിന്നുള്ള കാന മറ്റൊരു തോടു വഴി എളമക്കര പേരണ്ടൂർ കനാലിൽ ചെന്നു ചേരണം. എന്നാൽ, കയ്യേറ്റം കാരണം ഈ തോട് ഇപ്പോൾ അടഞ്ഞ നിലയിലാണ്.തണൽ മരങ്ങൾ മുറിച്ച് ഇവിടെ കാന നിർമിക്കുന്നതിനു പകരം മറ്റു കാനകൾ ബന്ധിപ്പിച്ചു വെള്ളം ഒഴുക്കിക്കളയാനുള്ള സംവിധാനമുണ്ടാക്കുകയാണു വേണ്ടതെന്നു സമീപത്തെ വ്യാപാരിയായ വേണുഗോപാൽ പറഞ്ഞു.

Related post