കൊച്ചി മെട്രോയിൽ ഇനി സൈക്കിളും കയറ്റാം

കൊച്ചി മെട്രോയിൽ ഇനി സൈക്കിളും കയറ്റാം

മെട്രോയിൽ ആളെ മാത്രമല്ല, ഇനി സൈക്കിളും കയറ്റാം. നഗരത്തിൽ സൈക്കിൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയതിനാലാണിതെന്നു കെഎംആർഎൽ അറിയിച്ചു.തുടക്കത്തിൽ 6 സ്റ്റേഷനുകളിൽ മാത്രമാണ് സൗകര്യം. ചങ്ങമ്പുഴ പാർക്ക്, പാലാരിവട്ടം, സൗത്ത്, ടൗൺഹാൾ, മഹാരാജാസ് കോളജ്, എളംകുളം സ്റ്റേഷനുകളിൽ.

പൂർണ യാത്ര ഒരുക്കുന്നതിന്റെ ഭാഗമായാണ് മെട്രോയിൽ സൈക്കിൾ കൊണ്ടുപോകാൻ അനുവദിക്കുന്നതെന്നു കെഎംആർഎൽ എംഡി അഡീഷനൽ ചീഫ് സെക്രട്ടറി അൽകേഷ്കുമാർ ശർമ പറഞ്ഞു. യന്ത്രവൽകൃതമല്ലാത്ത ഗതാഗത മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുകയും അതു ജീവിതശൈലിയാകുകയും വേണം. ലിഫ്റ്റ് വഴി സൈക്കിൾ പ്ലാറ്റ്ഫോമിലേക്കു കയറ്റാം. ട്രെയിനിന്റെ മുന്നിലും പുറകിലുമാണു സൈക്കിൾ വയ്ക്കേണ്ടത്. ഇതിനു മെട്രോ സ്റ്റാഫ് സഹായിക്കും.

കളമശേരി മെട്രോ സ്റ്റേഷനിൽ നിന്നു കാക്കനാട്ടേക്കു കെഎംആർഎൽ ഫീഡർ സർവീസും തുടങ്ങി. ചെറിയ വാൻ ആണ് സർവീസിന് ഉപയോഗിക്കുക. രാവിലെ 9.30ന് കളമശേരിയിൽ നിന്നു വാഹനം കാക്കനാടിനു പുറപ്പെടും. വൈകിട്ട് 5ന് കലക്ടറേറ്റിൽ നിന്നു കളമശേരി സ്റ്റേഷനിലേക്കും വാഹനം ഓടിക്കും. മെട്രോ സ്റ്റേഷനിലും കലക്ടറേറ്റിലും മാത്രമേ വാഹനം നിർത്തൂ. വൈറ്റില മെട്രോ സ്റ്റേഷനിൽ നിന്നു 12 റൂട്ടുകളിലേക്ക് ഓട്ടോ ഫീഡർ സർവീസ് ഇപ്പോൾ ലഭ്യമാണ്.

English Summary: can bring cycles in kochi metro

Related post