ലക്ഷക്കണക്കിനു വിദ്യാർഥികളുടെ വിവരങ്ങൾ ഇന്റർനെറ്റിൽ വിൽപനയ്ക്ക്

ലക്ഷക്കണക്കിനു വിദ്യാർഥികളുടെ വിവരങ്ങൾ ഇന്റർനെറ്റിൽ വിൽപനയ്ക്ക്

സംസ്ഥാനത്തെ ലക്ഷക്കണക്കിനു ഹയർസെക്കൻഡറി, കോളജ് വിദ്യാർഥികളുടെ വിവരങ്ങൾ ഇന്റർനെറ്റിൽ വിൽപനയ്ക്ക്. കോഴ്സ് തിരിച്ചും ജില്ല തിരിച്ചുമൊക്കെ 2 വെബ്സൈറ്റുകളിൽ വിവരങ്ങൾ വിൽപനയ്ക്കു വച്ചതായി എത്തിക്കൽ ഹാക്കർമാരുടെ കൂട്ടായ്മയായ മല്ലു സൈബർ സോൾജ്യേഴ്സ് ആണു കണ്ടെത്തിയത്. ‍വിവരങ്ങൾ ചോർന്നതു സർക്കാരിന്റെയും സർവകലാശാലകളുടെയും വെബ്സൈറ്റുകളിൽ നിന്നാണെന്നു സൂചനയുണ്ട്.

ഒരാളെപ്പറ്റിയുള്ള വിവരത്തിന് 10 പൈസ നിരക്കിൽ കേരളത്തിലെ 3.30 ലക്ഷം വിദ്യാർഥികളുടെ വിവരം വിൽക്കാനുണ്ടെന്നാണ് ഒരു വെബ്സൈറ്റിൽ പറയുന്നത്.ഒരാളുടെ വിവരത്തിന് 25 പൈസ നിരക്കിൽ, 1.25 ലക്ഷം ഹയർ സെക്കൻഡറി വിദ്യാർഥികളുടെ വിവരവും ഈ സൈറ്റിൽ ലഭ്യമാണ്. ഹയർ സെക്കൻഡറി സയൻസ്, ബിരുദധാരികളുടെയും വിദേശത്തു പഠിക്കാൻ ആഗ്രഹിക്കുന്നവരുടെയും വിവരവും ഇതേ സൈറ്റിൽ വിൽപനയ്ക്കുണ്ട്.

ഓരോ വിഭാഗം വിവരത്തിനും വിവിധ നിരക്കുകളാണ്. ഏറ്റവും കൂടിയ വില വിദേശത്തു പഠിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നവരുടേതിനാണ് – ഒരാളുടെ വിവരത്തിനു 30 രൂപ. ഇതിന്റെ പല മടങ്ങു വിവരങ്ങളാണു രണ്ടാമത്തെ സൈറ്റിലുള്ളത്. പേര്, മൊബൈൽ നമ്പർ, ഇ മെയിൽ, മറ്റു വ്യക്തി വിവരങ്ങൾ, ഫോട്ടോ തുടങ്ങിയവയാണു വിൽപനയ്ക്കുള്ളത്. എവിടെ നിന്നാണു ചോർത്തിയതെന്നു വ്യക്തമല്ലെങ്കിലും ഇത്രയധികം വിശദാംശം സർക്കാരിന്റെയും സർവകലാശാലകളുടെയും വെബ്സൈറ്റുകളിൽ മാത്രമേ ലഭ്യമാകൂ എന്നു വിദഗ്ധർ പറയുന്നു.

വിദ്യാർഥികളുടെ വിവരങ്ങൾ സ്വകാര്യ മേഖലയിലെ വിവിധ സ്ഥാപനങ്ങൾക്ക് ആവശ്യമുണ്ട്. ഉന്നതപഠന താൽപര്യം, പഠന വിഷയങ്ങൾ, രക്ഷിതാക്കളുടെ സാമ്പത്തികശേഷി, വിദേശ പഠനം തുടങ്ങിയവ അറിയാൻ കഴിഞ്ഞാൽ, ഇത്തരം സ്ഥാപനങ്ങൾക്കു നേരിട്ടു ബന്ധപ്പെടാൻ കഴിയും. മൊബൈൽ നമ്പർ, മേൽവിലാസം, ഇ മെയിൽ എന്നിവയും ലഭിക്കുമെന്നതിനാൽ വിദ്യാർഥികളെയും രക്ഷിതാക്കളെയുമൊക്കെ ബന്ധപ്പെടാനും എളുപ്പമാണ്. അതുകൊണ്ടു തന്നെ, ഇത്തരം വിവരങ്ങൾ വില കൊടുത്തു വാങ്ങാൻ സ്ഥാപനങ്ങൾ തയാറാകുന്നു.

Related post