ഡോട് കോം ഡൊമെയ്നുകൾക്ക് വില കൂട്ടാൻ ICANN

ഡോട് കോം ഡൊമെയ്നുകൾക്ക് വില കൂട്ടാൻ ICANN

ലോകത്ത് ഏറ്റവും പ്രചാരമുള്ള ഡോട് കോം (.COM) ഡൊമെയ്നുകളുടെ വില വർധന നടപടിയുമായി ഇന്റർനെറ്റ് ഡൊമെയ്നുകളുടെ കൈകാര്യച്ചുമതലയുള്ള ഐകാൻ (ICANN) രംഗത്ത് . മറ്റു ഡൊമെയ്നുകളിലെ മാറ്റത്തെക്കാൾ ഇന്റർനെറ്റ് ബിസിനസുകളെ ഏറ്റവുമധികം ബാധിക്കുന്നത് ഡോട് കോമിൽ വരുന്ന മാറ്റങ്ങളാണ് എന്നതുകൊണ്ടു തന്നെ ഇത് ഗൗരവമുള്ളതാണ്. ഡോട് കോം വിതരണത്തിൽ ഐകാനിന്റെ പങ്കാളിയായ വെരിസൈൻ എന്ന കമ്പനിയുമായി ചേർന്നാണ് ഡൊമെയ്‍ൻ വില വർധിപ്പിക്കാനുള്ള തീരുമാനം അതീവരഹസ്യമായി നടപ്പാക്കുന്നത്. വരുമാനം വർധിപ്പിക്കുക എന്നതാണു ലക്ഷ്യമെങ്കിലും കോടിക്കണക്കിന് ഡോട് കോം ഉപയോക്താക്കൾ ഡൊമെയ്‍ൻ പുതുക്കുമ്പോൾ കൂടുതൽ പണം നൽകേണ്ടതായി വരും.

ഇന്റർനെറ്റിൽ ആകെ 36 കോടി ഡൊമെയ്‍ൻ പേരുകൾ ഉള്ളതിൽ 14.4 കോടിയും ഡോട് കോം ആണ്. അതായത് ആകെ ഡൊമെയ്നുകളുടെ 40 ശതമാനം. ശേഷിക്കുന്നവയിൽ 16 കോടി ഡൊമെയ്‍നുകൾ രാജ്യങ്ങളുടെ പേരിൽ നൽകിയിട്ടുള്ള ഡോട് കോം അനുബന്ധ ഡൊമെയ്നുകളാണ്. ഡോട് ഓർഡ്, ഡോട് ബിസ് തുടങ്ങിയ മറ്റു ഡൊമെയ്നുകളെല്ലാം കൂടി 19 കോടി മാത്രം.  അങ്ങനെ നോക്കുമ്പോൾ 73% ഡൊമെയ്‍നുകളും ഡോട് കോമിന്റെ കീഴിൽ വരുന്നതാണ്. ഈ ഡൊമെയ്നുകൾ സാധാരണ ഉപയോക്താക്കൾക്കു വിൽക്കുന്നത് അനേകം സേവനങ്ങൾ വഴിയാണ്. ഇത്തരം സേവനങ്ങൾക്ക് ഡൊമെയ്നുകൾ മൊത്തവിലയ്ക്കു നൽകുന്ന ചുമതലയാണ് വെരിസൈൻ നിർവഹിക്കുന്നത്. ഈ മൊത്തവില വർധിപ്പിക്കുന്നതിന് വെരിസൈനിന് അനുമതി നൽകുകയാണ് ഐകാൻ ചെയ്തത്.

2020 മുതൽ 2023 വരെ പ്രതിവർഷം 7% വീതം വില വർധിപ്പിക്കാനാണ് അനുമതി. തുടർന്ന് 2 വർഷത്തേക്ക് വില വർധന പാടില്ല. പിന്നെ, 2026-2029 വർഷങ്ങളിൽ പ്രതിവർഷം 7% വീതം വിലവർധനയാകാം. ഇതു തുടരും. ഓരോ വർഷവും മൊത്തവിലയിൽ 7% വീതം വരുന്ന വർധന ഡൊമെയ്ൻ വിൽപന സേവനങ്ങളിലൂടെ സാധാരണക്കാരിലെത്തുമ്പോൾ പിന്നെയും വർധിക്കും.  ഇപ്പോഴത്തെ വിലയെക്കാൾ 70% വിലവർധനയാണു ഐകാന്റെ ഈ തീരുമാനത്തിലൂടെ പ്രതീക്ഷിക്കുന്നത്. ഇതിനു പുറമേ വെരിസൈന് ഡൊമെയ്ൻ റീസെല്ലർ അവകാശങ്ങളും ഐകാൻ പുതുതായി നൽകുന്നുണ്ട്. ഇതിനൊക്കെ പകരമായി വെരിസൈൻ 2 കോടി ഡോളർ ഐകാനു നൽകും.

Related post