ഏപ്രില്‍ 20 മുതല്‍ ഫ്ലിപ്കാർട്ടും ആമസോണും സർവീസ് തുടങ്ങും

ഏപ്രില്‍ 20 മുതല്‍ ഫ്ലിപ്കാർട്ടും ആമസോണും സർവീസ് തുടങ്ങും

രാജ്യത്തെ ഇകൊമേഴ്‌സ് മേഖല ഏറക്കുറെ പ്രവര്‍ത്തനരഹിതമായിരുന്നു. എന്നാല്‍, ഏപ്രില്‍ 20 മുതല്‍ ഫ്ലിപ്കാർട്ടും ആമസോണും തുടങ്ങി മുന്‍നിര ഇകൊമേഴ്സ് കമ്പനികൾക്കെല്ലാം പ്രവര്‍ത്തനാനുമതി നല്‍കുമെന്ന് മുതിര്‍ന്ന സർക്കാർ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. നിലവില്‍ ഈ കമ്പനികള്‍ക്ക് ആളുകള്‍ക്ക് അത്യാവശ്യമുള്ള സാധനങ്ങളും, ഭക്ഷണ സാധനങ്ങളും മരുന്നും മാത്രമായിരുന്നു എത്തിച്ചുകൊടുക്കാന്‍ അനുവദിച്ചിരുന്നത്. അതിനാല്‍ ഫ്‌ളിപ്കാര്‍ട്ടും ആമസോണും അടക്കമുള്ള വില്‍പ്പനക്കാര്‍ കുറച്ചു സാധനങ്ങള്‍ മാത്രമാണ് തങ്ങളുടെ വെബ്‌സൈറ്റുകളില്‍ വില്‍പ്പനയ്ക്കു വച്ചിരുന്നത്. മിക്ക സാധനങ്ങള്‍ക്കും ഉള്‍പ്രദേശങ്ങളില്‍ ഡെലിവറിയും ഉണ്ടായിരുന്നില്ല. തങ്ങളുടെ ഡെലിവറി ജോലിക്കാര്‍ക്ക് പല നഗരങ്ങളിലും പാസുകള്‍ ലഭിക്കാതിരുന്നതും അവരുടെ പ്രവര്‍ത്തനം കുറയാന്‍ ഇടയാക്കി. ജോലിക്കാര്‍ ഹാജരാകാന്‍ വിസമ്മതിച്ചതും അവര്‍ നേരിട്ട വിഷമതകളില്‍ ഒന്നായിരുന്നു.

ഏപ്രില്‍ 20 മുതല്‍ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് സ്‌നാപ്ഡീല്‍, പേടിഎം മാള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ സാധാരണഗതിയിലുള്ള വില്‍പ്പന പുനരാരംഭിച്ചേക്കുമെന്നാണ് അറിയുന്നത്. ഭക്ഷണവും മരുന്നും മാത്രമല്ലാതെ, ലാപ്‌ടോപ്, ഫോൺ, ടാബ്‌ലറ്റ്, സ്റ്റേഷണറി സാധനങ്ങൾ എല്ലാം ലഭ്യമാക്കിയേക്കും. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കുകൊള്ളാന്‍ വേണ്ട ഉപകരണങ്ങളും വില്‍പ്പനയ്‌ക്കെത്തിയേക്കും. ചില കുട്ടികള്‍ക്ക് ഒണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചുവെങ്കിലും പല മാതാപിതാക്കളും അവയില്‍ പങ്കെടുക്കാനുള്ള ഉപകരണങ്ങള്‍ തങ്ങളുടെ മക്കള്‍ക്കു വാങ്ങിനല്‍കാന്‍ കഴിയാതെ വിഷമിക്കുകയാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നിര്‍ദ്ദേശങ്ങളനുസരിച്ച് ഓണ്‍ലൈന്‍ വില്‍പ്പനക്കാർക്ക് പഴയതു പോലെ വില്‍പ്പന തുടരാമെന്നാണ് പറയുന്നത്. എന്നാല്‍, ഇനിയും എന്തെങ്കിലും മാറ്റം വരുത്തുമോ എന്നറിയാനാണ് ആമസോണിനെ പോലെയുള്ള സ്ഥാപനങ്ങള്‍ കാത്തിരിക്കുന്നത്. ബുധനാഴ്ച പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്കായി ജോലി ചെയ്യുന്നവര്‍ക്ക് സാധനങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ വേണ്ട അനുമതി നല്‍കും. രണ്ടു ഡ്രൈവര്‍മാരും ഒരു സഹായിയുമുള്ള ട്രക്കുകളെയും കടത്തിവിടും. ഓണ്‍ലൈന്‍ സ്ഥാപനങ്ങളുടെ സ്റ്റോറേജ് കേന്ദ്രങ്ങളും തുറക്കാന്‍ അനുവദിക്കും.

Related post