ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റ് ചെയ്തു

ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റ് ചെയ്തു

ലഹരി ഇടപാടുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റ് ചെയ്തതോടെ സ്വർണക്കടത്തു കേസും കേരളത്തിലെ ലഹരിമരുന്ന് ഇടപാടുകളും വഴിത്തിരിവിൽ. ബിനീഷിനെ കുരുക്കിയത് ബെംഗളൂരുവിൽ അറസ്റ്റിലായ ലഹരിമരുന്ന് കേസ് പ്രതി മുഹമ്മദ് അനൂപിന്റെ മൊഴിയാണ്. ബെംഗളൂരുവില്‍ അനൂപിന്റെ റസ്റ്ററന്റില്‍ ബിനീഷ് പണം നിക്ഷേപിച്ചെന്നായിരുന്നു മൊഴി. 50 ലക്ഷം മുടക്കിയെന്ന് അനൂപ് പറഞ്ഞു.

നയതന്ത്ര പാഴ്സലിൽ കടത്തിയ സ്വർണം പിടികൂടിയതോടെ ആരംഭിച്ച അന്വേഷണം നീണ്ടത് െബംഗളൂരുവിലെ ലഹരി ഇടപാടുകളിലേക്കായിരുന്നു. ബെംഗളൂരുവിൽ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നതിനെത്തുടർന്നാണ് ബിനീഷ് ഇഡിയുടെ നിരീക്ഷണത്തിലായത്. സംഭവവുമായി ബന്ധപ്പെട്ട് പേര് ഉയർന്നുവന്നപ്പോൾ തനിക്ക് യാതൊരു ബന്ധവുമില്ലെന്ന്് പറഞ്ഞ് ബിനീഷ് തന്നെ രംഗത്തെത്തി. എന്നാൽ അന്വേഷണം പുരോഗമിക്കുംതോറും ബിനീഷിന് കൂടുതൽ പങ്കുള്ളതായി വ്യക്തമായി.

മുൻപ് രണ്ടുവട്ടം ബിനീഷിനെ ഇഡി ചോദ്യം ചെയ്തിരുന്നു. അനൂപിന് ഹോട്ടൽ തുടങ്ങാൻ നൽകിയത് 6 ലക്ഷം രൂപ മാത്രമാണെന്ന് കൊച്ചി ഇഡി യൂണിറ്റിനു മൊഴി നൽകി. ബിനീഷിന്റെ ഉടമസ്ഥതയിൽ ബെംഗളൂരുവിൽ പ്രവർത്തിച്ച ബീ ക്യാപിറ്റൽസ് ഫോറെക്സ് ട്രേഡിങ് കമ്പനിയുടെ സാമ്പത്തിക ഉറവിടത്തെക്കുറിച്ചും ചോദ്യങ്ങൾ ഉന്നയിച്ചു.ബെംഗളൂരുവിൽ 6 മണിക്കൂർ ചോദ്യം ചെയ്യലിൽ ഇഡി ഓഫിസിൽ തളർന്നിരുന്ന ബിനീഷിനെ ഉദ്യോഗസ്ഥർ കുടിക്കാൻ വെള്ളം നൽകി മടക്കി അയയ്ക്കുകയായിരുന്നു.

ബിനീഷ് കോടിയേരിയുടെ സാമ്പത്തിക സഹായത്തോടെ കമ്മനഹള്ളിയിൽ അനൂപ് നടത്തിയിരുന്ന ഹയാത്ത് ഹോട്ടലിന്റെ മറവിൽ ലഹരി ഇടപാടുകൾ നടന്നെന്ന് ഇഡി കണ്ടെത്തി. കന്നഡയിലെ ലഹരി റാക്കറ്റുമായി അനൂപ് അടുത്ത ബന്ധം പുലർത്തിയിരുന്നു. ബിനീഷിന്റെ പങ്ക് വ്യക്തമായതോടെ സെപ്റ്റംബർ അവസാനത്തോടെ ബിനീഷിന്റെ പേരിൽ സംസ്ഥാനത്തുള്ള സ്വത്ത് മരവിപ്പിച്ചു.

4 ജില്ലകളിൽ ബിനീഷിനു വെളിപ്പെടുത്താത്ത സ്വത്തുണ്ടെന്ന ഇഡി അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നായിരുന്നു ഇത്. ഒടുവിൽ വ്യാഴാഴ്ച രാവിലെ ബെംഗളൂരുവിലെ ഓഫിസിൽ വിളിച്ചുവരുത്തി ചോദ്യം െചയ്യാൻ ആരംഭിച്ചു. ലഹരി ഇടപാടിലും അനധികൃത സ്വത്തുസമ്പാദനത്തിലും വ്യക്തമായ പങ്കുണ്ടെന്ന് തെളിഞ്ഞതോടെ അറസ്റ്റ്  രേഖപ്പെടുത്തുകയായിരുന്നു.

English Summary: ED arrests Bineesh Kodiyeri for drug dealing

Related post