കൊച്ചി  നിരത്തുകളിൽ സിഎൻജി ബസ് ഉടൻ

കൊച്ചി നിരത്തുകളിൽ സിഎൻജി ബസ് ഉടൻ

കൊച്ചി നഗരത്തിലെ ആദ്യ സിഎൻജി (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) ബസ് വൈകാതെ നിരത്തിലിറങ്ങും. ഡൽഹിയിൽ കൊണ്ടു പോയി സിഎൻജി സംവിധാനത്തിലേക്കു മാറ്റിയ ബസ് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിച്ചു. ആർടിഒ ഓഫിസിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകാതെ ബസ് സർവീസ് ആരംഭിക്കുമെന്നു കൊച്ചി മെട്രോ ട്രാൻസ്പോർട്ട് കോഓപ്പറേറ്റീവ് സൊസൈറ്റി (കെഎംസിടി) പ്രസിഡന്റ് ടി.െക.രാജു പറഞ്ഞു.

സൊസൈറ്റിയുടെ കീഴിലുളള 400 ബസുകളിൽ 300 ബസുകളിൽ സിഎൻജി ഏർപ്പെടുത്താൻ  തിരുക്കൊച്ചി മോട്ടോർ വെഹിക്കിൾ ഓണേഴ്സ് ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി സാമ്പത്തിക സഹായം നൽകും. ബാക്കി 100 ബസുകൾ കെഎംസിടി സ്വന്തം ചെലവിൽ സിഎൻജിയാക്കും. ഡീസലിന് ഒരു ലീറ്ററിന് 72 രൂപയും സിഎൻജി ഒരു കിലോഗ്രാമിന് 57 രൂപയുമാണു വില. ഡീസലിൽ മൈലേജ് 3 കിലോമീറ്ററാണെങ്കിൽ സിഎൻജിയിൽ 5.9 കിലോമീറ്റർ കിട്ടുന്നുണ്ട്. നഗരത്തിൽ 5 കിലോമീറ്റർ മൈലേജ് കിട്ടുമെന്നാണു പ്രതീക്ഷിക്കുന്നത്. മൂന്നര ലക്ഷം രൂപയാണു ഒരു ബസ് സിഎൻജിയിലേക്കു മാറ്റാനുളള ചെലവ്്.

ഈ തുക 8 മാസം കൊണ്ടു തിരിച്ചു പിടിക്കാൻ കഴിയുമെന്നു ബസുടമകൾ പറയുന്നു. ഡൽഹിയിൽ പോകാതെ കൊച്ചിയിൽ തന്നെ ഇനി സിഎൻജി സംവിധാനത്തിലേക്കു മാറാൻ കഴിയും. കലൂരിലെ ജെആർ ഗ്യാസ് ടെക് സൊല്യൂഷൻസിനാണു ഇതിന്റെ ഡീലർഷിപ്പ് ലഭിച്ചിരിക്കുന്നത്. ഡൽഹിയിൽ നിന്ന് ഇൻഡോർ, പൂണെ, ബെംഗളൂരു വഴിയാണ് ആദ്യ ബസ് കൊച്ചിയിലെത്തിച്ചത്. ഹൈവേകളിൽ 5.9 കിലോമീറ്റർ മൈലേജ് ലഭിച്ചു. സ്വകാര്യ ബസുകൾ ഡീസലിനു പ്രതിദിനം 6000 രൂപ ചെലവാക്കുന്ന സ്ഥാനത്തു സിഎൻജിയാണെങ്കിൽ 3000 രൂപ മതിയാകും.

Related post