കോവിഡ്: പറവൂരിൽ ഞായറാഴ്ച ലോക്ഡൗൺ, കാക്കനാട്ട് ജാഗ്രതാ നിർദേശം, ആലുവ കടുത്ത നിയന്ത്രണത്തിൽ

കോവിഡ്: പറവൂരിൽ ഞായറാഴ്ച ലോക്ഡൗൺ, കാക്കനാട്ട് ജാഗ്രതാ നിർദേശം, ആലുവ കടുത്ത നിയന്ത്രണത്തിൽ

കോവിഡ് 19 സ്ഥിരീകരിച്ച രോഗി നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ സന്ദർശിച്ചതിനാൽ ജാഗ്രതയുടെ ഭാഗമായി ഞായറാഴ്ച പറവൂർ നഗരത്തിൽ ലോക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചതായി നഗരസഭാധ്യക്ഷൻ പ്രദീപ് തോപ്പിൽ അറിയിച്ചു. അന്നേദിവസം അണുനശീകരണ ദിനമായി ആചരിക്കും. എല്ലാ വ്യാപാരസ്ഥാപനങ്ങളും ഓഫിസുകളും അണുവിമുക്തമാക്കണം. പൊതുസ്ഥലങ്ങളിൽ നഗരസഭ അണുനശീകരണം നടത്തും. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡ് തലത്തിൽ സോഷ്യൽ ഡിസ്റ്റൻസിങ് എൻഫോഴ്സിങ് ടീം രൂപീകരിച്ചു.  ഓരോ വാർഡിന്റെയും ചുമതല ഓരോ ഉദ്യോഗസ്ഥർക്കു നൽകി. താലൂക്ക് ആശുപത്രിയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മാർക്കറ്റുകൾ തുറക്കുന്ന കാര്യം വ്യാപാരികളുമായി നടത്തുന്ന ചർച്ചയ്ക്കു ശേഷം തീരുമാനിക്കും.

സമ്പർക്കത്തിലൂടെ ഒരാൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കാക്കനാട് മേഖലയിൽ കനത്ത ജാഗ്രത. കഴിഞ്ഞയാഴ്ച തൃക്കാക്കരയിൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ അടുത്ത ബന്ധുവിനാണ് ഇന്നലെ രോഗം കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന എടത്തല സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചു. തൃക്കാക്കര നഗരസഭയുടെ 28-ാം ഡിവിഷൻ പൂർണമായും അടച്ചിട്ടിരിക്കുകയാണ്. ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കി. ഡിവിഷനിലെ ചെറുതും വലുതുമായ എല്ലാ റോഡുകളും അടച്ചു. ഡിവിഷനും പരിസരവും നഗരസഭാ ശുചീകരണ തൊഴിലാളികൾ വൃത്തിയാക്കി. റോഡുകളിൽ രാത്രിയും പകലും പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് സ്ക്വാഡിന്റെ പരിശോധന തുടങ്ങി.

ആലുവ നഗരസഭയിൽ 2 വാർഡ് കൂടി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതോടെ പൊലീസ് നിയന്ത്രണം കർശനമാക്കി. നിലവിൽ 13 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാണ്. ഇതോടെ സോണുകളുടെ എണ്ണം 15 ആയി. കടത്തുകടവ് (8), പുളിഞ്ചോട് (21) വാർഡുകളാണു പുതുതായി കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയത്. നഗരത്തിൽ തോട്ടയ്ക്കാട്ടുകര ഒഴികെയുള്ള പ്രദേശങ്ങളെല്ലാം ഇതോടെ കണ്ടെയ്ൻമെന്റ് സോണിലായി. പെരിയാറിന്റെ ഇരു കരകളിലായി 26 വാർഡുകളാണു നഗരസഭയിലുള്ളത്. പകുതിയിലേറെ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായാൽ ട്രിപ്പിൾ ലോക്ഡൗണിലേക്കു നീങ്ങുമെങ്കിലും കലക്ടറുടെ വിവേചനാധികാരം ഉപയോഗിച്ച് ആലുവയെ അതിൽ നിന്ന് ഒഴിവാക്കിയതായി അൻവർ സാദത്ത് എംഎൽഎ പറഞ്ഞു. ജനജീവിതം പൂർണമായി സ്തംഭിക്കാതിരിക്കാനാണിത്.

English Summary: Covid: Lokdown in Paravur on Sunday, Kakkanat alert, Aluva under tight control

Related post