കുസാറ്റിൽ വിദ്യാർഥിയെ കാറിടിച്ച് വീഴ്ത്തി ക്രൂരമായി മർദിച്ചു

കുസാറ്റിൽ വിദ്യാർഥിയെ കാറിടിച്ച് വീഴ്ത്തി ക്രൂരമായി മർദിച്ചു

കളമശേരിയിലെ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ബിടെക് ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി എട്ടാം സെമസ്റ്റർ വിദ്യാർഥി ആസിൽ അബൂബക്കറിനെ (21) കാറിടിച്ചു വീഴ്ത്തിയ ശേഷം ക്രൂരമായി മർദിച്ചു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ആസിലിനെ എറണാകുളം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ രണ്ടിടത്തായി ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. 8 തുന്നിക്കെട്ടുണ്ട്.

ആസിലിനെ അപായപ്പെടുത്താൻ ശ്രമിച്ച എസ്എഫ്ഐ യൂണിറ്റ് പ്രസി‍ഡന്റ് രാഹുൽ പേരാളം, സെക്രട്ടറി പ്രജിത്ത് കെ.ബാബു എന്നിവരെ സർവകലാശാലയിൽ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ പഠിപ്പുമുടക്കി കുസാറ്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസിലേക്ക് മാർച്ച് നടത്തി. അന്വേഷണം നടത്തി 2 ദിവസത്തിനകം നടപടിയെടുക്കുമെന്ന് വൈസ്ചാൻസലർ ഡോ.കെ.എൻ.മധുസൂദനൻ ഉറപ്പു നൽകിയതിനെത്തുടർന്ന് വിദ്യാർഥികൾ പിരിഞ്ഞുപോയി. ശനിയാഴ്ച രാത്രി സനാതന ഹോസ്റ്റൽ വാർഷികവുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിലേക്കു നയിച്ചതെന്നു പറയുന്നു.

ഞായറാഴ്ച രാത്രി 11.45ന് ദേശീയപാതയ്ക്കു സമീപം കുസാറ്റ് കവാടത്തിനു മുൻപിലാണ് ആസിലിനെ അപായപ്പെടുത്താൻ ശ്രമിച്ചത്. ജൂനിയർ വിദ്യാർഥിയെ ക്യാംപസിലേക്ക് കൂട്ടിക്കൊണ്ടുവരാൻ ബൈക്കിൽ പോയ ആസിലിനെ കാറിൽ പിന്തുടർന്ന് ഇടിച്ചു വീഴ്ത്തുകയായിരുന്നു. കാറിൽ നിന്നിറങ്ങിയ പ്രജിത്തും രാഹുലും കണ്ടാലറിയാവുന്ന മറ്റൊരാളും ചേർന്നാണ് ആക്രമിച്ചതെന്ന് ആസിൽ പറഞ്ഞു. തലയ്ക്കടിയേറ്റു വീണ തന്നെ മൂവരും ചേർന്ന് ക്രൂരമായി മർദിച്ചു. ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണം.പ്രജിത്തിനും രാഹുലിനും കണ്ടാലറിയാവുന്ന മറ്റൊരാൾക്കുമെതിരെ വധശ്രമത്തിനു പൊലീസ് കേസെടുത്തു. 

Related post