
ലക്ഷങ്ങളുടെ ലഹരി മരുന്നുമായി 6 പേരെ പൊലീസ് പിടികൂടി
കൊച്ചി നഗരത്തിൽ വ്യത്യസ്ത പരിശോധനകളിൽ ലക്ഷങ്ങളുടെ ലഹരി മരുന്നുമായി 6 പേരെ പൊലീസ് പിടികൂടി. ‘ലഹരി വിമുക്ത കൊച്ചി’ പദ്ധതിയുടെ ഭാഗമായുള്ള പരിശോധനയിലാണ് അറസ്റ്റ്. ഇവരിൽ നിന്ന് 3.3 കിലോഗ്രാം കഞ്ചാവ്, എംഡിഎംഎ എന്നിവ പിടിച്ചെടുത്തു. കോട്ടയം എടക്കുന്നം സ്വദേശി അബു താഹിർ (22), ഈരാറ്റുപേട്ട സ്വദേശി അജ്മൽ ഷാ (23) എന്നിവരെ പള്ളുരുത്തിയിൽ നിന്ന് 1.025 കിലോഗ്രാം കഞ്ചാവുമായി പിടികൂടി. കൊച്ചിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇവർ തമിഴ്നാട്ടിൽ നിന്നാണ് കഞ്ചാവ് എത്തിച്ചിരുന്നത്.
കാക്കനാട് നടത്തിയ പരിശോധനയിൽ കണ്ണൂർ എരിവേലി സ്വദേശി മിഥുൻ കൃഷ്ണൻ (22), നെടുമ്പാശേരി സ്വദേശി സജിത്ത് (23) എന്നിവരെ 2.2. കിലോഗ്രാം കഞ്ചാവുമായി പിടികൂടി. തമിഴ്നാട്ടിൽ പഠിക്കുന്ന സുഹൃത്തുക്കൾ വഴി കഞ്ചാവ് കൊച്ചിയിലെത്തിച്ചു ചെറു പായ്ക്കറ്റുകളാക്കി വിൽപന നടത്തുകയായിരുന്നു ഇവരുടെ രീതി. വയനാട് കാവുമന്നം സ്വദേശിയായ അജ്മൽ ജോസിനെ (23) എംഡിഎംഎ ലഹരി മരുന്നുമായി അറസ്റ്റ് ചെയ്തു. ബെംഗളൂരു മലയാളികൾ വഴി ലഹരിമരുന്നു വാങ്ങി 4 വർഷമായി തൃശൂർ, കൊച്ചി എന്നിവിടങ്ങളിൽ ഇയാൾ വിൽപന നടത്തുന്നുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.കാക്കനാട് വാഴക്കാല സ്വദേശി നസീറിനെ (47) 50 ഗ്രാം കഞ്ചാവുമായി ബേസിൻ റോഡിൽ നിന്നു പിടികൂടി. 4 വർഷം ശിക്ഷയനുഭവിച്ച ഇയാൾ കുറച്ചു ദിവസം മുൻപാണു ജയിൽ മോചിതനായത്.
ഡപ്യൂട്ടി കമ്മിഷണർ ജി. പൂങ്കുഴലിയുടെ നിർദേശപ്രകാരം അസിസ്റ്റന്റ് കമ്മിഷണർ ബിജി ജോർജിന്റെ നേതൃത്വത്തിൽ ഡാൻസാഫ് എസ്ഐ ജോസഫ് സാജൻ, പള്ളുരുത്തി എസ്ഐ ദീപു, തൃക്കാക്കര എസ്ഐ അബ്ദുൽ അസീസ്, പാലാരിവട്ടം എസ്ഐ സേവ്യർ, സെൻട്രൽ എസ്ഐ കെ.ജെ. ഫുൽജൻ എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിൽ മുഖ്യ കണ്ണി ഒട്ടംഛത്രം സൗന്ദറാണ്. ഇയാൾ വഴി ലക്ഷങ്ങളുടെ കഞ്ചാവാണു കേരളത്തിലേക്കു കടത്തുന്നതെന്നു കൊച്ചി സിറ്റി പൊലീസ് പറയുന്നു. ഇതിൽ ഏറിയ പങ്കും വരുന്നതു കൊച്ചിയിലേക്കാണ്. ലഹരി മാഫിയയെ കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി 94979 80430 എന്ന നമ്പറിൽ കൈമാറാം.