മരട് അവശിഷ്ട നീക്കം, കരാറുകാർക്കും നഗരസഭയ്ക്കും രൂക്ഷ വിമർശനം

മരട് അവശിഷ്ട നീക്കം, കരാറുകാർക്കും നഗരസഭയ്ക്കും രൂക്ഷ വിമർശനം

മരടിലെ പൊളിച്ച ഫ്ലാറ്റുകളിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിൽ മാനദണ്ഡങ്ങൾ പാലിക്കാത്തതിനു നഗരസഭയ്ക്കും കരാറുകാർക്കും ദേശീയ ഹരിത ട്രൈബ്യൂണൽ സംസ്ഥാന മേൽനോട്ട സമിതിയുടെ ശാസന. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ലഭിക്കാത്ത സ്ഥലത്തേക്ക് അവശിഷ്ടങ്ങൾ നീക്കിയതിനു കരാറുകാരെ യോഗത്തിലേക്കു വിളിച്ചു വരുത്തി വിശദീകരണം തേടി. അവശിഷ്ട നീക്കം വിലയിരുത്താൻ ചേർന്ന യോഗത്തിൽ മരട് നഗരസഭയെയും കരാറുകാരെയും മേൽനോട്ട സമിതി രൂക്ഷമായി വിമർശിച്ചു.

മാനദണ്ഡങ്ങൾ പാലിക്കാതെയാണു കരാർ എടുത്ത കമ്പനികളുടെ പ്രവർത്തനമെന്നും ഇക്കാര്യം ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും മേൽനോട്ട സമിതി ചെയർമാൻ ജസ്റ്റിസ് എ.വി. രാമകൃഷ്ണ പിള്ള പറഞ്ഞു. കെട്ടിട നിർമാണ, പൊളിക്കൽ അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യുന്നതിനു വ്യക്തമായ ചട്ടങ്ങളുണ്ട്. ഇതെല്ലാം കാറ്റിൽ പറത്തിയാണു കോൺക്രീറ്റ് മാലിന്യങ്ങളിൽ നിന്നു ഇരുമ്പു കമ്പികൾ വേർതിരിക്കുന്നതും, അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതുമെന്നു സമിതി കണ്ടെത്തി.

നേരത്തെ ഫ്ലാറ്റ് പ്രദേശങ്ങൾ സന്ദർശിച്ചു മേൽനോട്ട സമിതി ചെയർമാൻ നൽകിയ നിർദേശങ്ങളിൽ ഭൂരിഭാഗവും നഗരസഭയോ, കരാറുകാരോ പാലിച്ചിരുന്നില്ല. നിർദേശങ്ങൾ ഇനിയും അവഗണിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്നു ചെയർമാൻ മുന്നറിയിപ്പു നൽകി. ഫ്ലാറ്റുകൾ പൊളിച്ച സ്ഥലങ്ങൾ ഇന്നലെയും സമിതി സന്ദർശിച്ചു. എല്ലായിടത്തും അശാസ്ത്രീയമായ രീതിയിലാണു കോൺക്രീറ്റ് അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യുന്നതെന്നു സമിതി നീരീക്ഷിച്ചു.

മലിനീകരണ നിയന്ത്രണ ബോർഡ് മെംബർ സെക്രട്ടറി എസ്. ശ്രീകല, ചീഫ് എൻവയൺമെന്റൽ എൻജിനീയർ എം.എ. ബൈജു, എൻവയൺമെന്റൽ എൻജിനീയർ മിനി മേരി സാം, നഗരസഭ സെക്രട്ടറി എം. മുഹമ്മദ് ആരിഫ് ഖാൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. അവശിഷ്ട നീക്കം വിലയിരുത്താൻ ചേർന്ന യോഗത്തിൽ ഫോർട്ട് കൊച്ചി സബ് കലക്ടർ സ്നേഹിൽ കുമാർ സിങ്ങും പങ്കെടുത്തു. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതു നിരീക്ഷിക്കാൻ പൊലീസിനും റവന്യു വകുപ്പിനും നിർദേശം നൽകാൻ സ്നേഹിൽ കുമാർ സിങ്ങിനോട് ആവശ്യപ്പെട്ടു.

Related post