ഈ മാസം ജില്ലയിലെ റോഡുകളിൽ പൊലിഞ്ഞതു 16 പേർ

ഈ മാസം ജില്ലയിലെ റോഡുകളിൽ പൊലിഞ്ഞതു 16 പേർ

റോഡ് സുരക്ഷാവാരം ആചരിച്ച ഈ മാസം കൊച്ചി ജില്ലയിലെ റോഡുകളിൽ മാത്രം പൊലിഞ്ഞതു 16 പേരുടെ ജീവൻ. 11 മുതൽ 17 വരെയായിരുന്നു റോഡ് സുരക്ഷാ വാരാചരണം. ‌ഈ കാലയളവിൽ മാത്രം 9 പേർ റോഡപകടത്തിൽ മരിച്ചതായാണു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സമീപകാലത്തു പുതുവർഷാരംഭ മാസത്തിൽ ഇത്രയും പേർ റോഡപകടത്തിൽ മരിച്ചിട്ടില്ല.

ഇരുചക്ര വാഹന യാത്രികരും കാൽനടക്കാരും ആണ് ഇതിൽ അധികവും. റോഡിലെ കുഴികളും, വലിയ വാഹനങ്ങളുടെ അമിത വേഗവും അശ്രദ്ധയും ഈ നിരക്ക് കൂട്ടുന്നു. മദ്യപിച്ച് വാഹനമോടിക്കൽ, അമിതവേഗത എന്നൊക്കെ പൊതുവേ പറഞ്ഞ് കാണാറുണ്ടെങ്കിലും സത്യത്തിൽ റോഡുകളിൽ നടക്കുന്ന പല അപകടങ്ങളിൽ റോഡിലെ കുഴികൾ ഒരു വലിയ പങ്കുവഹിക്കുന്നുണ്ട്.

വലിയ വാഹനങ്ങൾക്ക് റോഡിലെ കുഴികൾ ഒരുപരിധിവരെ പ്രശ്നമല്ലെങ്കിലും സാധാരണക്കാരായ ഇരുചക്രവാഹന യാത്രക്കാർക്ക് അതൊരു ബുദ്ധിമുട്ട് തന്നെയാണ്. മറ്റ് വാഹനങ്ങളുടെ പിന്നിലൂടെ പോകുന്ന സമയത്ത് കുഴികൾ കാണാതിരിക്കുകയും കുഴിയുടെ അടുത്തെത്തുമ്പോൾ നിർത്തുകയോ അല്ലെങ്കിൽ സൈഡിലേക്ക് വെട്ടിക്കുകയൊ ചെയ്യുമ്പോഴുണ്ടാകുന്ന അപകടങ്ങളും, അതല്ലെങ്കിൽ കുഴിയിൽ വീണ ശേഷം മറ്റു വാഹനങ്ങൾ അടിയിലേക്ക് പോകുന്നതും ഇപ്പോൾ ഒരു പതിവായിരിക്കുന്നു. ഹെൽമറ്റ് ധരിച്ച് യാത്ര ചെയ്താൽ അപകടങ്ങളിൽ നിന്ന് രക്ഷപെടാം എന്ന പ്രചാരണം നടത്തിയാലും ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ എന്ത് സംഭവിക്കുമെന്ന് നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.

ഹെൽമെറ്റ് ചെക്കിംഗ്, സീറ്റ് ബെൽറ്റ് ചെക്കിംഗ് എന്നൊക്കെ പറഞ്ഞു ഫൈൻ വാങ്ങുന്നത് കൊണ്ട് മാത്രം കാര്യമില്ല റോഡ് കൂടി നന്നാവണമെന്ന് ജനങ്ങൾ പറയുന്നത് ഇതുകൊണ്ടൊക്കെ തന്നെയാണ്. വലിയ വാഹനങ്ങളായ ലോറി, ബസ്സ് മുതലായവയുടെ അപകടകരമായ ഡ്രൈവിങ്ങും അമിതവേഗവും നിയന്ത്രിച്ചില്ലെങ്കിൽ ഇതുപോലുള്ള സംഭവങ്ങൾ ഇനിയും ഒരുപാട് ആവർത്തിക്കപ്പെടും.

Related post