എറണാകുളം സൗത്തിൽ സിഗ്നൽ സംവിധാനം തകരാറിലായതിനെ തുടർന്ന് തീവണ്ടി ഗതാഗതം താറുമാറായി.

എറണാകുളം സൗത്തിൽ സിഗ്നൽ സംവിധാനം തകരാറിലായതിനെ തുടർന്ന് തീവണ്ടി ഗതാഗതം താറുമാറായി.

എറണാകുളം സൗത്തിൽ സിഗ്നൽ സംവിധാനം തകരാറിലായതിനെ തുടർന്ന് തീവണ്ടി ഗതാഗതം താറുമാറായി. എറണാകുളം സൗത്ത്-എറണാകുളം നോർത്ത് റെയിൽവേ പാതയിൽ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് സമീപത്ത് ട്രാക്കിനരികിൽ സിഗ്നൽ കേബിളുകൾ കത്തിയതാണ് സിഗ്നൽ സംവിധാനം തകരാറിലാകാൻ കാരണം. ഞായറാഴ്ച പുലർച്ചെ രണ്ടിനാണ് സംഭവം.

സമീപത്ത് ചപ്പുചവറുകൾക്ക് തീയിട്ടത് കേബിളിലേക്ക്‌ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. സിഗ്നൽ കേബിളിന് ചുറ്റുമുള്ള സ്റ്റീൽ പൈപ്പിനാണ് തീപിടിച്ചത്.

സിഗ്നൽ തകരാറിലായതോടെ മണിക്കൂറുകളോളം തീവണ്ടിഗതാഗതം തടസ്സപ്പെട്ടു. ആലപ്പുഴ വഴിയുള്ള തീവണ്ടികൾ വഴിതിരിച്ചുവിട്ടു. ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ്, ജാംനഗർ-തിരുനൽവേലി എക്സ്പ്രസ് എന്നിവ കോട്ടയം വഴി തിരിച്ചുവിട്ടു. നേത്രാവതിക്ക് കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിലും തിരുനെൽവേലി എക്സ്പ്രസിന് കോട്ടയത്തും സ്റ്റോപ്പുകൾ അനുവദിച്ചു.

ഷൊർണ്ണൂർ-തിരുവനന്തപുരം വേണാട് എക്സ്പ്രസ് സൗത്ത് സ്റ്റേഷനിൽ പോകാതെ എറണാകുളം നോർത്തിൽ നിന്ന് നേരിട്ട് തൃപ്പൂണിത്തുറ വഴി തിരിച്ചുവിട്ടു.

വൈകീട്ട് 4.15-ഓടുകൂടിയാണ്‌ സിഗ്നലിലെ പ്രശ്നം പരിഹരിച്ചത്. തീപിടിച്ചത് എങ്ങനെയാണെന്ന് വ്യക്തമല്ലെന്നും സംഭവത്തിൽ ആർ.പി.എഫ്. കേസെടുത്തിട്ടുണ്ടെന്നും റെയിൽവേ എറണാകുളം ഏരിയ മാനേജർ നിതിൻ നോബർട്ട് പറഞ്ഞു.

Related post