ടാങ്കറുകളിൽ ജല അതോറിറ്റി വെള്ളം മാത്രം: പ്രതിസന്ധിയോടെ തുടക്കം

ടാങ്കറുകളിൽ ജല അതോറിറ്റി വെള്ളം മാത്രം: പ്രതിസന്ധിയോടെ തുടക്കം

ടാങ്കർ ലോറികളിലൂടെ ജല അതോറിറ്റിയുടെ വെള്ളം മാത്രമേ വിതരണം ചെയ്യാവൂയെന്ന നിബന്ധന നിലവിൽ വന്നതോടെ ആദ്യ ദിനം ജല വിതരണം പാളി. ടാങ്കർ ഉടമകളുടെ സമ്മർദ തന്ത്രമാണ് സ്ഥിതി വഷളാക്കിയതെന്ന ആക്ഷേപം ഉയരുമ്പോൾ അധികൃതരുടെ അശാസ്ത്രീയ നടപടികളാണ് പ്രശ്നത്തിനു കാരണമെന്ന വാദമാണ് ടാങ്കർ ഉടമകളുടേത്. ആശുപത്രികളിലും പാർപ്പിട സമുച്ചയങ്ങളിലും വ്യാപാര–വ്യവസായ സ്ഥാപനങ്ങളിലും വെള്ളം മുടങ്ങുന്ന സ്ഥിതി വന്നതോടെ വൈകിട്ട് കലക്ടർ എസ്.സുഹാസ് വിളിച്ചു കൂട്ടിയ അനുര‍ഞ്ജന യോഗത്തിൽ ടാങ്കർ ഉടമകൾ അയഞ്ഞു.

രാത്രി ടാങ്കർ ജല വിതരണം പുനഃരാരംഭിച്ചു. ജല അതോറിറ്റിയുടെ 13 ഹൈഡ്രന്റുകളിൽ നിന്നു മാത്രം വെള്ളം ശേഖരിച്ചാൽ ജില്ലയിൽ ആവശ്യമുള്ളതിന്റെ 10 ശതമാനം ഇടങ്ങളിൽ പോലും കുടിവെള്ളം എത്തിക്കാനാകില്ലെന്നാണ് ടാങ്കർ ലോറി ഉടമകളുടെ പരാതി. ഇന്നലെ രാവിലെ മുതൽ സർവീസ് നിർത്തി വച്ചതോടെ കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതി പലയിടങ്ങളിൽ നിന്നുമുണ്ടായി. വെള്ളത്തിന്റെ വില നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കാൻ ഉപസമിതി രൂപീകരിക്കാൻ അനുരഞ്ജന യോഗം തീരുമാനിച്ചു.

ഫാക്ട് ഉൾപ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങളിലെ ശുചീകരണ പ്ലാന്റുകളിൽ നിന്നു കൂടി വെള്ളം ലഭ്യമാക്കുന്ന കാര്യം പരിഗണിക്കും. ഇന്നു മുതൽ കലക്ടറേറ്റിലെ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രത്തിൽ ജല അതോറിറ്റി ഉദ്യോഗസ്ഥരെ നിയമിക്കാനും യോഗം തീരുമാനിച്ചു.  എഡിഎം കെ.ചന്ദ്രശേഖരൻ നായർ, ഡപ്യൂട്ടി കലക്ടർമാരായ എസ്.ഷാജഹാൻ, ബി.സന്ധ്യാദേവി, എറണാകുളം ജില്ല ഡ്രിങ്കിങ് വാട്ടർ ട്രാൻസ്പോർട്ടേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് വി.എ.സക്കീർ ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു. 

Related post