
കോവിഡ് വിവരങ്ങളറിയാനെന്ന വ്യാജേന ആപ്പുകളും സൈറ്റുകളും
കോവിഡ് 19 പ്രതിരോധത്തിന്റെ പേരിലുള്ള പല ആപ്പുകളും വെബ്സൈറ്റുകളും വ്യാജമാണെന്നും വിവരമോഷണം ലക്ഷ്യമിട്ടുള്ളവയാണെന്നും റിപ്പോർട്ട്. വിവരസുരക്ഷാ മേഖലയിൽ പ്രവർത്തിക്കുന്ന കൊച്ചിയിലെ ടെക്നിസാങ്റ്റ് എന്ന സ്ഥാപനത്തിന്റേതാണു റിപ്പോർട്ട്. കോവിഡ് എങ്ങനെ വ്യാപിക്കുന്നു, വ്യാപിക്കുന്ന സ്ഥലങ്ങൾ, ഏറ്റവും പുതിയ കണക്കുകൾ, വിവരങ്ങൾ തുടങ്ങിയ വിവരങ്ങൾ നൽകാനെന്ന വ്യാജേനെ പുറത്തിറങ്ങിയ ആയിരക്കണക്കിന് ആപ്പുകളിൽ മിക്കതും കംപ്യൂട്ടർ വൈറസുകളാണ്.
ഇവ ഡൗൺലോഡ് ചെയ്യുന്ന വ്യക്തികളുടെയും കമ്പനികളുടെയും വിവരങ്ങൾ ചോർത്തി ഇന്റർനെറ്റിലെ അധോലോകമെന്നു വിളിക്കുന്ന ഡാർക്വെബ്ബിൽ വിൽപനയ്ക്കു വച്ചിട്ടുണ്ട്. വ്യാജ കോവിഡ് മാസ്കുകളും മരുന്നുകളും ഡാർക്വെബ്ബിൽ ലഭ്യമാണ്. ഇന്ത്യയിലെ ഒട്ടേറെ െചറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ ഇടപാടുകാരുടേതടക്കമുള്ള വിവരങ്ങൾ ചോർന്നു. ഓരോ മണിക്കൂറിലും ഇത്തരം വിവരങ്ങൾ ഡാർക്വെബ്ബിൽ വിൽപനയ്ക്കെത്തുന്നു.
കോവിഡ് കാലത്ത് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുടെ വിവരങ്ങൾ ചോർത്താനായി വ്യാജ പേരുകളിൽ 5,000 വെബ്സൈറ്റുകൾ തുടങ്ങിയിട്ടുണ്ട്. വീട്ടിലിരുന്നു ജോലി ചെയ്യുന്നതും സൈബർ ക്രിമിനലുകൾക്കു സഹായകരമായി. ഓഫിസിനു പുറത്തു നിന്നു ഗൗരവമേറിയ വിവരങ്ങൾ കൈകാര്യം ചെയ്യുന്നത് സൈബർ ക്രിമിനലുകളെ സഹായിക്കുന്നുണ്ട്. കോവിഡിന്റെ പേരിൽ ഇന്റർനെറ്റിലും സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നതെല്ലാം അപ്പടി വിശ്വസിക്കരുതെന്നും കൃത്യമായി പരിശോധിച്ച ശേഷമേ ആപ്പുകൾ ഡൗൺലോഡ് ചെയ്യാനും സൈറ്റുകളുടെ ലിങ്കുകൾ തുറക്കാനും പാടുള്ളു.